പാലക്കാട്: ഒരു ബിജെപിക്കാരനായല്ല, മെട്രോമാന് എന്ന നിലയിലാണ് ആളുകള്‍ സ്വീകരിച്ചതെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വരുമ്പോഴൊക്കെ എന്നെകുറിച്ചാണ് സംസാരിക്കുന്നതെന്നും തന്നെ ക്യാപ്റ്റനാക്കുമോയെന്ന് ബിജെപി തീരുമാനിക്കുമെന്നും ഇ ശ്രീധരന് പറഞ്ഞു.
‘ഞാന്‍ ബിജെപിയിലേക്ക് വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി. മോഡി വരുമ്പോഴൊക്കെ എന്നെകുറിച്ചാണ് സംസാരിക്കുന്നത്. വോട്ട് വിഹിതം 30 ശതമാനം ആകുമെന്നാണ് പ്രതീക്ഷ, പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല. അനുഭവമാണ് ശക്തി.’ ശ്രീധരന് പ്രതികരിച്ചു.
‘ഞാനിവിടെ ജയിക്കുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. അതിനേ പറ്റി പറയേണ്ട. സംസ്ഥാനത്ത് ബിജെപിക്ക് വലിയൊരു മുന്നേറ്റമുണ്ടാകും. ഇപ്പോള്‍ തന്നെ ബിജെപിക്ക് 17 ശതമാനത്തിലധികം വോട്ട് ഷെയറുണ്ട്. ഒരു പത്തോ പന്ത്രണ്ടോ ശതമാനം വോട്ട് കൂടി ആയാല്‍ തന്നെ ബിജെപിക്ക് ഭരണം പിടിച്ചെടുക്കാമല്ലോ. നിഷ്പ്രയാസം ജയിക്കും, മൂഡ് കണ്ടിട്ട്, ആളുകളുടെ സമീപനം കണ്ടിട്ട് അതാണ് മനസിലാകുന്നത്.’ എന്നായിരുന്നു ശ്രീധരന് നേരത്തെ പറഞ്ഞത്.
‘ആം ആദ്മി പാര്‍ട്ടി എങ്ങനെയാണ് ഡല്‍ഹി പിടിച്ചെടുത്തത്. അവര്‍ക്ക് അവിടെ വേരുകളൊന്നും ഉണ്ടായിരുന്നില്ല. കേരളത്തില്‍ ബിജെപിക്ക് അതിനേക്കാള്‍ വേരുകളുണ്ട്. ത്രിപുര ഒറ്റ രാത്രി കൊണ്ട് ബിജെപി എങ്ങനെയാണ് പിടിച്ചെടുത്തത്. അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടേയുമുണ്ടാകും.
ജനങ്ങള്‍ക്ക് എല്‍ഡിഎഫിനേയും യുഡിഎഫിനേയും മടുത്തതുകൊണ്ട് വലിയൊരു മാറ്റം വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇരുമുന്നണികളിലുമുള്ള തട്ടിപ്പുകളും അഴിമതിയും ഒന്നും ഇനിയും അറിയില്ലല്ലോ. അപ്പോള്‍ ജനങ്ങള്‍ക്ക് തീരുമാനിക്കാം എങ്ങനുള്ള സര്‍ക്കാരാണ് അവര്‍ക്ക് വേണ്ടതെന്ന്. പരിശുദ്ധമായ സര്‍ക്കാരാണ് വേണ്ടതെന്ന് അവര്‍ തീര്‍ച്ചയായിട്ടും തീരുമാനിക്കും. അതുകൊണ്ടാണ് ഞാന്‍ ധാരാളം വോട്ടുകള്‍ ബിജെപിക്ക് വരാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറയുന്നതെന്നും ഇ ശ്രീധരന് മുമ്പ് പറഞ്ഞിരുന്നു.