കണ്ണൂര്‍ : ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് നല്‍കിയത്. ഇന്ന് രാവിലെ വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പിണറായി വിജയന് പത്രിക നല്‍കിയത്.
തുടര്‍ച്ചയായ രണ്ടാം വട്ടമാണ് പിണറായി വിജയന് ധര്‍മ്മടത്തു നിന്നും ജനവിധി തേടുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന് അടക്കമുള്ള
നേതാക്കള്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നത്. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കുമെന്നും പത്രിക സമര്‍പ്പിച്ച ശേഷം പിണറായി വിജയന് ഫെയ്സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് മല്‍സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ വമ്പന്‍ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് തിരയുന്നത്.
പിണറായിക്കെതിരെ കരുത്തനെ തന്നെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ധര്‍മ്മടത്ത് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനെയാണ് മല്‍സരിപ്പിക്കാന്‍ യുഡിഎഫ് കണ്ടുവെച്ചിരുന്നത്.
എന്നാല്‍ ധര്‍മ്മടത്ത് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി ദേവരാജന്‍ പിന്മാറി.