മറയൂര്‍; മറയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. അച്ഛനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ കൊല്ലാനായി ഗൂഢാലോചന നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മകന് അഭിലാഷ് ഇപ്പോള്‍.
വെള്ളിയാഴ്ച രാത്രിയാണ് സരിതയെ ഭര്‍ത്താവ് സുരേഷ് വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് 6 മാസമായി സരിത മകന് അഭിലാഷിനൊപ്പം (11) പത്തടിപ്പാലത്ത് അമ്മയുടെ അമ്മയ്ക്കൊപ്പമാണു താമസിച്ചിരുന്നത്. വീടിന്റെ പിന്‍ഭാഗത്തു കൂടി അകത്ത് കയറിയ സുരേഷ് കത്തി കൊണ്ടു സരിതയെ തുടരെ വെട്ടുകയായിരുന്നു.
കരച്ചില് കേട്ട് അയല്‍വാസികള്‍ എത്തിയതോടെ സുരേഷ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ മറയൂരില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛനും കുടുംബത്തിലെ ചിലരും ചേര്‍ന്ന് അമ്മയെ കൊല്ലുമെന്നു തന്റെ മുന്നില്‍ വച്ചു ഭീഷണിപ്പെടുത്തിയെന്നാണ് അഭിലാഷ് പറയുന്നത്.
ഈ മാസം ഒന്നിനു സരിത താമസിക്കുന്ന വീട്ടിലെത്തിയ സുരേഷിന്റെ ബന്ധുക്കള്‍ അഭിലാഷിന് ഫോണ്‍ വാങ്ങിത്തരാമെന്നു പറഞ്ഞു മൂന്നാറിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഈ സമയത്താണ് ബന്ധുക്കളില്‍ ചിലരും സുരേഷും ചേര്‍ന്ന് സരിതയെ കൊലപ്പെടുത്താനുള്ള ആസൂത്രണം നടത്തുന്നതായി അറിയുന്നത്.
സരിതയെ എത്രയും വേഗം കൊലപ്പെടുത്തണമെന്നും 90 ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്നു പുറത്തെത്തിക്കാമെന്നും സുരേഷിനോടു ബന്ധുക്കള്‍ പറഞ്ഞതായും അഭിലാഷ് പറഞ്ഞു.