ഇംഗ്ലണ്ടുമായി രണ്ടാം ടെസ്റ്റ് കളിക്കാനുളള ഒരുക്കത്തിലാണ് ഇന്ത്യ. എന്നാല്‍ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം റണ്‍വേട്ടയില്‍ പരാജയപ്പെട്ടു. ആദ്യ ടെസ്റ്റ് തോറ്റെങ്കിലും നായകന് തന്റെ വ്യക്തിഗത ഇന്നിങ്സിന്റെ മികവില്‍ തല ഉയര്‍ത്തിപ്പിടിച്ച് തന്നെ നിന്നു.
എന്നാല്‍ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍, ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത് കോഹ്ലി ഒഴികെയുളള താരങ്ങള്‍ ബാറ്റിംഗില്‍ മികച്ച സ്കോര്‍ കണ്ടെത്തുമോയെന്നതാണ്. എന്നാല്‍ സമ്മര്‍ദ്ദത്തിന് കീഴ്പ്പെട്ടേക്കാവുന്ന ക്യാപ്റ്റന്‍ ഉപദേശവുമായി എത്തിയിരിക്കുന്നത് സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറാണ്.
ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിരാട് കോഹ്ലിയോട് ഹൃദയം പറയുന്നത് മാത്രം കേള്‍ക്കൂവെന്ന് സച്ചിന് പറഞ്ഞത്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. അത് തുടരണമെന്നാണ് എനിക്ക് പറയാനുളളത്. ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് ശ്രദ്ധിക്കരുത്. എന്താണോ നേടേണ്ടത് അതില്‍ മാത്രം ശ്രദ്ധ പതിപ്പിക്കൂ. ഹൃദയം പറയുന്നത് മാത്രം കേള്‍ക്കൂ, സച്ചിന് പറഞ്ഞു.
ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ തന്നെ 149 റണ്‍സ് നേടിയ കോഹ്ലി ഇംഗ്ലണ്ടില്‍ സെഞ്ചുറിയെന്ന ദീര്‍ഘകാല അഭിലാഷമാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇതുകൊണ്ട് മാത്രം താരം തൃപ്തനായില്ല. ആദ്യ ടെസ്റ്റില്‍ തോറ്റതാണ് താരത്തിന്റെ സന്തോഷത്തെ ബാധിച്ചത്.
എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെ ഞാന്‍ പറയാം, എത്ര കൂടുതല്‍ റണ്‍സ് നമ്മള് നേടിയാലും ചിലപ്പോള്‍ അത് മതിയായെന്ന് വരില്ല. അത് തന്നെയാണ് വിരാടിന്റെയും കാര്യം. എത്ര റണ്‍സ് നേടിയാലും വിരാട് കോഹ്ലിക്ക് പിന്നെയും റണ്‍സ് വേണമെന്നാണ്, സച്ചിന് പറഞ്ഞു.
എപ്പോഴാണോ ഇതില്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നുന്നത് അന്ന് നിങ്ങളുടെ കരിയര്‍ താഴേക്ക് പോകും. സന്തോഷിക്കുന്നത് നല്ലതാണ്, പക്ഷെ ബാറ്റ്സ്മാന് ഒരിക്കലും സംതൃപ്തി പാടില്ല. ബോളര്‍ക്ക് പത്ത് വിക്കറ്റേ നേടാനാവൂ. എന്നാല്‍ ബാറ്റ്സ്മാന് പരിധികളില്ല. അതിനാല്‍ സംതൃപ്തി പാടില്ല, സന്തോഷം മാത്രമേ പാടുളളൂ, സച്ചിന് കൂട്ടിച്ചേര്‍ത്തു.