തൊയക്കാവ്: മീന്‍ പിടിക്കാന്‍ ആനന്ദന് ഇറങ്ങിയാല്‍ കൂട്ടായി വന്നിരിക്കുന്ന കൊക്കാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായ തൊയക്കാവ് കാളിയാമാക്കല്‍ സ്വദേശി എടക്കാട്ട് ആനന്ദനും കൊക്കും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ഇരുവരും താരമാകാന്‍ കാരണവും.
ആനന്ദന് വലയെടുത്ത് തന്റെ വഞ്ചിയില്‍ കയറിയാല്‍ ഉടന്‍ കൊക്ക് പറന്നെത്തി വഞ്ചിയില്‍ കയറി ഇരുപ്പുറപ്പിക്കും. കാളിയാമാക്കല്‍ പരപ്പ്, കോടമുക്ക്, പള്ളിക്കടവ്, പുളിക്കടവ് തുടങ്ങി കനോലി കനാലില്‍ എവിടെ മീന്‍ പിടിക്കാന്‍ ഇറങ്ങിയാലും ഈ കൊക്ക് ആനന്ദനെ തിരഞ്ഞെത്തുന്നതാണ് അത്ഭുത കാഴ്ചയാകുന്നത്.
സമീപത്തു കൂടി മറ്റു വഞ്ചികള്‍ കടന്നുപോയാലും മറ്റു മീന്‍പിടിത്തക്കാര്‍ ആനന്ദനോട് സംസാരിക്കാനെത്തിയാലും കൊക്ക് പോകില്ല. മീന്‍ പിടുത്തത്തിനിടെ ആനന്ദന് കൊടുക്കുന്ന ചെറുമീനുകളും തിന്ന് ജോലി കഴിയുന്നതു വരെ ഒപ്പം ഉണ്ടാകും. ആഴ്ചകളായി ഈ സൗഹൃദം തുടങ്ങിയിട്ട്.