മാഡ്രിഡ്: ഇന്ത്യ അണ്ടര്‍-20 ഫുട്ബോള്‍ ടീമിന് ചരിത്രജയം. ആറ് തവണ അണ്ടര്‍-20 ലോക ചാന്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു. സ്പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പിലാണ് ഇന്ത്യന്‍ കുട്ടികള്‍ ചരിത്ര വിജയം നേടിയത്.
കളിയുടെ നാലാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ കുട്ടികള്‍ മുന്നിലെത്തി. കോര്‍ണറില്‍ നിന്ന് ദീപക് താംഗിരിയാണ് ഹെഡറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. പകുതി സമയത്ത് ഈ ഗോളിന്റെ ലീഡുമായാണ് ഇന്ത്യ പോയത്.
70 മിനിറ്റ് വരെ ഇന്ത്യ ലീഡ് നിലനിര്‍ത്തിയതോടെ റാങ്കിംഗില്‍ വളരെയേറെ മുന്നിലുള്ള അര്‍ജന്റീനയുടെ യുവനിര പരുക്കന്‍ കളി പുറത്തെടുത്തു. റഹിം അലിയെ ഫൗള്‍ ചെയ്തതിന് ഇന്ത്യയ്ക്ക് ഫ്രീകിക്ക് ലഭിക്കുകയും ചെയ്തു. കിക്കെടുത്ത മധ്യനിര താരം അന്‍വര്‍ അലിക്ക് പിഴച്ചില്ല. സുന്ദരമായ കിക്ക് വലയുടെ വലത് പാര്‍ശ്വത്തിലൂടെ അകത്തുകയറുകയായിരുന്നു.
72-ാം മിനിറ്റിലാണ് അര്‍ജന്റീന ആശ്വസ ഗോള്‍ നേടിയത്. ഈ വര്‍ഷം ആദ്യം സീനിയര്‍ ടീം ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് കിരീടം നേടിയ ശേഷം ഇന്ത്യന്‍ ഫുട്ബോളിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ വിജയമാണിത്. അര്‍ജന്റീനയ്ക്കെതിരേ നേടിയ വിജയത്തില്‍ യുവതുര്‍ക്കികളെ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് അഭിനന്ദിച്ചു