ജോധ്പുര്‍: ജോധ്പുരില്‍ പരാതി നല്കാന് കോടതിയില്‍ പോയ ആള്‍ക്കെതിരെ കേസ്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരുമകനും പിതാവിനുമെതിരെ കോടതിയില്‍ പരാതി നല്കാന് പോയ വധുവിന്റെ അച്ഛനാണ് തിരിച്ചടി നേരിട്ടത്. വാദത്തിനിടെ മകളുടെ വിവഹ ദിവസം വരന് സമ്മാനമായി ഒരു ലക്ഷം രൂപ നല്‍കിയെന്ന് പറഞ്ഞതിനാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് സ്ത്രീധന നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പോലീസിനോട് നിര്‍ദേശിച്ചു. സംഭവത്തില്‍ മുന്‍ പട്ടാളജീവനക്കാരനായ രാം ലാലിനെതിരാണ് കേസ്. ജോധ്പുര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. 2017ലാണ് രാംലാലിന്റെ മകള്‍ മനീഷയെ ജെത്മലിന്റെ മകന് കൈലാഷിന് വിവാഹം ചെയ്ത് നല്‍കിയത്. ശേഷം മകളെ സ്ത്രീധനത്തിന്റെ പേരില്‍ അപമാനിക്കുമെന്നും ഭര്‍തൃപിതാവ് മകളെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും നോയിഡയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചാണ് പരാതി നല്കാന് കോടതിയിയെ സമീപിച്ചത്.
കൈലാഷും മകളെ സ്വീകരിക്കുന്നില്ലെന്ന് ഇയാള്‍ പരാതിയില്‍ ആരോപിച്ചു. സംഭവത്തില്‍ കോടതിയില്‍ വാദിക്കുന്നതിനിടെയാണ് വരന് വിവാഹ ദിവസം ഒരു ലക്ഷം രൂപ നല്‍കിയെന്ന് പറഞ്ഞത്. തുടര്‍ന്നാണ് സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നും രാം ലാലിനെതിരെ കേസെടുക്കാന്‍ എതിര് ഭാഗം അഭിഭാഷകന് വാദിച്ചത്. ഇത് അംഗീകരിച്ച ജഡ്ജി റിച്ച ചൗധാരിയാണ് രാം ലാലിനെതിരെ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചത്.