ന്യൂഡല്‍ഹി; ജെറ്റ് എയര്‍വെയ്സിന്റെ സര്‍വ്വീസുകള്‍ ഇന്നുമുതല്‍ താത്കാലികമായി നിര്‍ത്തലാക്കുന്നു.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സര്‍വ്വീസ് നിര്‍ത്തി വയ്ക്കുന്നത്. അടിയന്തിരമായി ഫണ്ട് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്‍സോര്‍ഷ്യത്തില്‍ 400 കോടി രൂപയാണ് ജെറ്റ് എയര്‍വെയ്സ് ആവശ്യപ്പെട്ടത്. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തുന്നത്. ഏപ്രില്‍ 18 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്സ് നിര്‍ത്തിയിരുന്നു.
വിമാന വാടക കൊടുക്കാന്‍ കഴിയാത്തതും പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ് നിലവില്‍ ജെറ്റ് എയര്‍വെയ്സ്. ഇരുപത്തിയഞ്ച് വര്‍ഷമായി വ്യോമയാന രംഗത്തുണ്ട് ജെറ്റ് എയര്‍വെയ്സ്.
മലയാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈസ്റ്റ് വെസ്റ്റ് എയര്‍ലൈനിന്റെ തകര്‍ച്ചയോടെയാണ് നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ജെറ്റ്എയര്‍വെയ്സ് ഉയര്‍ന്ന് വന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത്തിഹാദ് എയര്‍വെയ്സ് ജെറ്റ് എയര്‍വെയ്സിന്റെ 24 ശതമാനം ഓഹരി വാങ്ങിയെങ്കിലും പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിഞ്ഞില്ല.