കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കോട്ടയത്തേക്ക് കൊണ്ടു വരും. പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. ഇവിടെ വൈകുന്നേരം വരെ പൊതുദര്‍ശനത്തിന് വയ്ക്കും.
അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നടക്കുന്ന സംസ്കാര ശ്രുശൂഷകള്‍ക്ക് ശേഷം വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചില്‍ മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കും.
ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കെഎം മാണി ഏറെനാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് 4.57-ന് ആയിരുന്നു അന്ത്യം. അര മണിക്കൂറോളം മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. നിരവധി നേതാക്കന്മാരാണ് മാണിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി ഇവിടേക്ക് എത്തിച്ചേര്‍ന്നത്.