കോഴിക്കോട്: ന്യൂസ് ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ വ്യക്തമായി പരിശോധിക്കണമെന്ന് കളക്ടര്‍ സാംബശിവ റാവു. ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാതെ തീരുമാനത്തില്‍ എത്താന്‍ കഴിയില്ലെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കി.
മാര്‍ച്ച് മാസം 10നാണ് ദേശിയ ചാനലായ ടിവി 9 ഒളിക്യാമറ ഓപ്പറേഷന് നടത്തിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് രാഘവന് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന വിവാദ ദൃശ്യങ്ങളാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാഗ്ദാനം ചെയ്തത്.
അതേസമയം, കോഴ വിവാദത്തിനു പിന്നില്‍ സിപിഎമ്മാണെന്നാണ് രാഘവന്റെ ആരോപണം. കോഴ വിവാദം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് രാഘവന് നേരത്തെ പറഞ്ഞിരുന്നു. ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് രാഘവന് വ്യക്തമാക്കി.