തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിമലിനെയാണ് കമ്പനിയുടെ ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ജോലിക്കെത്തിയ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ് പാടുണ്ട്. ബിമലിനൊപ്പം താമച്ചിരുന്ന ബംഗാള്‍ സ്വദേശി അമലിനെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട ബിമലാണ് മൂന്നാഴ്ച മുമ്പ് അമലിനെ ജോലിക്കായി കൊണ്ടുവന്നതെന്ന് സ്ഥാപന ഉടമ പോലീസിന് മൊഴി നല്കി. ശനിയാഴ്ച രണ്ടു പേര്‍ക്കും കൂലിയും നല്‍കിയിരുന്നു. ഞായാറാഴ്ച മദ്യപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടിലാണോ കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.