പരവൂര്‍: ബൈക്കില്‍ നിലം തൊടാതെ പറക്കുന്നവരെ പിടിക്കാനൊരുങ്ങി പോലീസ്. ഇത്തരം വിരുന്മാരെ കുടുക്കാനായി പരവൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് ‘സൂപ്പര്‍ റെയ്സര്‍’ എന്നു പേരിട്ട ഇരുചക്രവാഹനപരിശോധന ആരംഭിച്ചു.
ലൈസന്‍സില്ലാത്തവര്‍ ഓടിച്ചതും മതിയായ രേഖകള്‍ ഇല്ലാത്തതും ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതുമായ നിരവധി വാഹനങ്ങളാണ് പരവൂര്‍ എസ്ഐ വി ജയകുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നഗരത്തില്‍ നടന്ന പരിശോധനയില്‍ പിടിയിലായത്. 35 ഓളം ബൈക്കുകള്‍ പിടിയിലായിട്ടുണ്ട്.
അമിതവേഗത്തില്‍ പോയവരും പിടിയിലായിട്ടുണ്ട്. ഇതില്‍ ചില വാഹനങ്ങള്‍ പിഴയീടാക്കി വിട്ടു. പോലീസ് പിടിയിലായവര്‍ക്ക് പിഴ ഈടാക്കിയത് കൂടാതെ ജനമൈത്രി കേന്ദ്രത്തിലെത്തിച്ച് നിര്‍ബന്ധിത ഗതാഗതനിയമ ബോധവത്കരണം നല്‍കിയിട്ടുണ്ട്.
നഗരത്തില്‍ ഗതാഗതനിയമലംഘനവും കുട്ടികളുടെ വാഹനമോടിക്കലും വ്യാപകമായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്കുന്ന രക്ഷാകര്‍ത്താക്കളും പിടിയിലാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.