ഇടുക്കി: അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ പണിത വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന് കുടുംബത്തിനായി കൈമാറി. മകന്റെ മരിക്കാത്ത ഓര്‍മ്മകളുമായി വിതുമ്പലോടെയാണ് വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ അഭിമന്യുവിന്റെ അമ്മയും അച്ഛനും എത്തിയത്.
പുതിയ വീടിന് മുന്നിലെത്തിയ അമ്മ ഭൂപതി അഭിമന്യുവിന്റെ ഫോട്ടോ കണ്ടതോടെ അലമുറയിട്ട് കരഞ്ഞു. കരച്ചില് നിയന്ത്രിക്കാന്‍ ചുറ്റിലുമുള്ള ആര്‍ക്കും സാധിച്ചില്ല. ഭൂപതിയെ വളരെ കഷ്ടപ്പെട്ടാണ് പ്രവര്‍ത്തകര്‍ സ്റ്റേജിലെത്തിച്ചത്. സ്വന്തമായൊരു വീടെന്ന അഭിമന്യുവിന്റെ ആഗ്രഹപ്രകാരമാണ് സിപിഎം പ്രവര്‍ത്തകര്‍ പുതിയ വീട് പണിതത്.
വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 40 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.
അഭിമന്യുവിന്റെ ഓര്‍മ്മയ്ക്കായി വട്ടവട പഞ്ചായത്ത് സ്ഥാപിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറിയും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാല്പതിനായിരത്തോളം പുസ്തകങ്ങളാണ് ഈ ലൈബ്രറിയിലുള്ളത്.