കോഴിക്കോട്: ആഡംബര കാറുകളെ ലക്ഷ്യം വെച്ച് എംബ്ളം മോഷ്ടിക്കുന്ന കുട്ടിസംഘം പോലീസ് പിടിയില്‍. വിവിധ മോഷണങ്ങള്‍ നത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. വിദ്യാര്‍ത്ഥികളായ ഇവരില്‍
രണ്ട് പേര് 18 വയസ് കഴിഞ്ഞവരും ബാക്കിയുള്ളവര്‍ കുട്ടികളുമാണ്. സ്വര്‍ണത്തേക്കാള്‍ വിലയുള്ള ലോഹംകൊണ്ടാണ് എംബ്ളം നിര്‍മ്മിച്ചതെന്നും ഇരട്ടി വില ലഭിക്കുമെന്നുമുള്ള പ്രചാരണത്തില്പ്പെട്ടാണ് കുട്ടികള്‍ മോഷണത്തിനിറങ്ങിയത്.
നഗരത്തില്‍ ധാരാളം സമാനസംഭവങ്ങള്‍ക്ക് മുമ്പും നടന്നിരുന്നു. കുട്ടിസംഘം പിടിയിലായതോടെ സമാനപരാതികള്ക്ക് പിന്നിലും ഇവരാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മോഷ്ടിച്ച എംബ്ളങ്ങള് വലിയ വിലയ്ക്ക് വില്പന നടത്താമെന്നാണ് മോഷണസംഘം കരുതിയത്. ബെന്‍സ്, ബിഎംഡ്ബ്ള്യു, ജാഗ്വാര്‍ തുടങ്ങിയ ആഡംബര കാറുകളുടെ ചിഹ്നങ്ങളാണ് വ്യാപകമായി മോഷ്ടിക്കപ്പെടുന്നതെന്ന് പൊലീസ് പറയുന്നു.
നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്പ്പെട്ടതിനെതുടര്ന്ന പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്മാര് പിടിയിലായത്. വിവിധ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. മുന്‍പും സമാനമായ കേസില്‍ ഇരുപതോളം വിദ്യാര്‍ത്ഥികളെ ചേവായൂര്‍ മെഡിക്കല്‍ കോളജ് സ്റ്റേഷന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.