കണ്ണൂര്‍ : വീണ്ടും കോപ്പിയടി വിവാദം. കെഎസ്യു നേതൃത്വത്തിലുള്ള കോളേജ് യൂണിയന് ഇറക്കിയ മാഗസിനിലെ കവിത രണ്ട് വര്‍ഷത്തിന് ശേഷം എസ്എഫ്ഐ നേതൃത്വത്തിലുള്ള മാഗസിനില്‍ പ്രസിദ്ധീകരിച്ച സംഭവമാണ് വിവാദത്തിലാകുന്നത്. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് യൂണിയന് മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദത്തിലായിരിക്കുന്നത്.
2014-2015 അധ്യയന വര്‍ഷത്തില്‍ കെഎസ്യു യൂണിയന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ‘സ്മൈലി’ മാഗസിനിലെ കവിതയാണ് 2017-18 വര്‍ഷത്തെ യൂണിയന് മാഗസിനില്‍ മറ്റൊരാളുടെ പേരില്‍ അച്ചടിച്ച് വന്നത്. 2015ല്‍ ജിതിന് ജോസഫ് എഡിറ്റര്‍ ആയ മാഗസിനില്‍ ‘രക്തം’ എന്ന പേരില്‍ ആഷ്ബിന്‍ എബ്രഹാമാണ് കവിത എഴുതിയത്. ഇതേകവിത ‘ടെര്‍മൈറ്റ് ‘ എന്ന മാഗസിനില്‍ തലക്കെട്ട് ഇല്ലാതെ അഭിനവ് പിഎയുടെ പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാഗസിന് പിന്‍വലിച്ച് ക്ഷമ പറയണമെന്നാണ് സംഭവം വിവാദമായതോടെ കെഎസ്യുവിന്റെ ആവശ്യം. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്ത മാഗസിന് മടക്കി വാങ്ങാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് കെഎസ്യു ആരോപണം ഉന്നയിച്ചു.
തന്റെ കവിത മോഷ്ടിച്ചതിന് മാപ്പു വേണ്ടെന്നും വ്യക്തമായ മറുപടി തന്നാല്‍ മതിയെന്നും കവിത എഴുതിയ ആഷ്ബിന്‍ എബ്രഹാം പ്രതികരിച്ചു. കലയും സാഹിത്യവും മോഷ്ടിക്കപ്പെടേണ്ടത് അല്ലെന്നും അത് പുരോഗമാന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ മനസ്സിലാക്കണമെന്നും മാഗസിന് പിന്‍വലിക്കണമെന്നും ആഷ്ബിന്‍ ആവശ്യപ്പെട്ടു.