അബുദാബി; തിരയില്‍പ്പെട്ട മക്കളെ സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛന് ഭാര്യയും മക്കളും
നോക്കി നില്‍ക്കെ കുഴഞ്ഞുവീണു മരിച്ചു. പ്രവാസിയായ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്പിള്ളയുടെ മകന് എസ്ആര്‍ ദിലീപ് കുമാര്‍ (38) ആണ് മരിച്ചത്.
അബുദാബി അല്‍റാഹ ബീച്ചിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിക്കും മക്കളായ ദേവിക, ആര്യന് എന്നിവര്‍ക്കുമൊപ്പം ദിലീപ് കുമാര്‍ ബീച്ചില്‍ എത്തിയത്. ഒന്‍പതുകാരിയായ ദേവികയും ആറുവയസുകാരനായ ആര്യനും ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ടു ഒഴുകി. ദിലീപ് ഏറെ കഷ്ടപ്പെട്ട് കുട്ടികളെ രക്ഷിച്ച് ഇരുവരെയും തീരത്ത് സുരക്ഷിതമായി എത്തിച്ചു. ഉടനെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം കൃത്രിമശ്വാസോച്ഛ്വാസം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. അല്‍റാബ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ദുബായിലെ നിര്‍മ്മാണ കമ്പനിയില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി മാനേജരാണ് ദിലീപ്.