മലപ്പുറം: നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ പുലര്‍ച്ചെയോടെയാണ് പട്ടാള വേഷധാരികളായ നാല് പേരെത്തിയത്. സംഘമായി എത്തിയ ഇവര്‍ കോളനിയില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ആദിവാസികള്‍ക്ക് അരമണിക്കൂറോളം ക്ലാസ്സ് എടുത്തതായും പോലീസ് പറഞ്ഞു.
മാവോയിസ്റ്റ് നേതാവ് സോമന്റെ നേതൃത്വത്തിലാണ് സംഘമെത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ നടത്തുകയാണ്. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലുള്ള ലഘുലേഖകളില്‍ സുപ്രിംകോടതി ആദിവാസികള്‍ക്കും ദലിതര്‍ക്കും എതിരെയാണെന്നും, ‘പെസ നിയമം’ നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവുമോയെന്നും പരാമര്‍ശമുണ്ട്. മാവോയിസ്റ്റുകള്‍ കോളനിയില്‍ പതിച്ച പോസ്റ്ററുകളില്‍ ആദിവാസികള്‍ ഒരിക്കലും അടിമകളല്ലെന്നും തോട്ടം തൊഴിലാളിക്ക് മിനിമം കൂലി 800 രൂപയാക്കണമെന്ന ആവശ്യവുമുന്നയിക്കുന്നുണ്ട്.