ഗാര്‍ഡനിലോ വീട്ടുമുറ്റത്തോ വീട്ടിനകത്തോ എലികളെ കണ്ടാല്‍ ഉടന്‍ തല്ലിക്കൊല്ലുകയോ ഓടിച്ചുവിടുകയോ അല്ലെങ്കില്‍ കെണിവച്ചു പിടിക്കുകയോ ആണ് സാധാരണ എല്ലാവരും ചെയ്യുക. എന്നാല്‍ ഇതാ അതില്‍ നിന്നും വ്യത്യസ്തനായ ഒരു ഫോട്ടോഗ്രാഫര്‍. തന്റെ ഗാര്‍ഡനില്‍ എത്തിയ എലികളെ തല്ലിയോടിക്കുകയല്ല അദ്ദേഹം ചെയ്തത്. പകരം അവര്‍ക്കായ് ഉഗ്രന്‍ ഒരു വീട് വെച്ചുകൊടുത്തു നമ്മുടെ ഫോട്ടോഗ്രാഫര്‍.
സൈമണ്‍ ഡെല്‍ എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഗാര്‍ഡനില്‍ ഫോട്ടോകള്‍ എടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് അതിലൂടെ ഒരു എലി ഓടുന്നത് ശ്രദ്ധയില്‍പെട്ടത്. അങ്ങനെയാണ് എലികളെ സ്നേഹിക്കുന്ന ആ മനുഷ്യന് അവയ്ക്ക് സമാധാനമായി കഴിയാനും ഭക്ഷണം ശേഖരിച്ചുവെക്കാനും വീടൊരുക്കാന്‍ തീരുമാനിച്ചത്.
സൈമണ്‍ പക്ഷികളെയും മൃഗങ്ങളെയും അതിയായി സ്നേഹിക്കുന്ന ആളാണ്. അദ്ദേഹം വൈകാതെ തന്നെ തന്റെ പുതിയ അതിഥിക്കായി കൂടൊരുക്കാന്‍ തുടങ്ങി. തുടക്കത്തില്‍ തടികൊണ്ടു ചെറിയൊരു കൂടാണ് പണിതത്. എന്നാല്‍ വൈകാതെ മറ്റ് എലികള്‍ കൂടി എത്തിയതോടെ കുറച്ചുകൂടി സുരക്ഷിതമായൊരു വീട് കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരുമണിക്കൂറോളമെടുത്താണ് ആദ്യം മരം തുളച്ച് ചെറിയൊരു കൂട് കെട്ടിയത്. എന്നാല്‍ പതിയെ എലികള്‍ കൂടുതല്‍ വന്നതോടെ കൂടുതല്‍ മുറികള്‍ കെട്ടി. മരക്കൂടിനുള്ളില്‍ അകത്തേക്കും പുറത്തേക്കും വരാനായി രണ്ടുമൂന്ന് വഴികളും ഒരുക്കി. പൂച്ചകളില്‍ നിന്നും സംരക്ഷണത്തിനായി കുഞ്ഞന്‍ വീടിനുചുറ്റും വേലിയും കെട്ടിയുണ്ടാക്കി സൈമണ്‍.
ഇപ്പോള്‍ ഈ കുഞ്ഞന്‍ വീട്ടില്‍ താമസിക്കുന്നത് അഞ്ചോളം എലികളാണ്. ഭക്ഷണമായി ഇവയ്ക്കു നല്‍കുന്നത് പഴങ്ങളും നട്ട്സുകളുമൊക്കെയാണ്. ഒപ്പം തണുപ്പിനെ അതിജീവിക്കാന്‍ പാകത്തില്‍ എലിവീടിനെ അടച്ചുറപ്പുള്ളതാക്കി മാറ്റുകയും ചൂടു പകരാനായി പഴയ തലയിണകളിലെ പഞ്ഞികളും അടുക്കിവച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട് സൈമണ്‍.
ഇപ്പോഴിതാ ക്രിസ്മസിനു മുന്നോടിയായി എലികളുടെ വീട് അലങ്കരിക്കുകയും ചെയ്തു ഇദ്ദേഹം. മാത്രമല്ല ഇവയ്ക്കാവശ്യമായ ഭക്ഷണ സാധനങ്ങളും സൈമണ്‍ വീടിനു ചുറ്റും നിരത്തിവച്ചു. ഈ എലികളുടേയും വീടിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.