ന്യൂഡല്‍ഹി: ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്താന്‍ ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് തയാറായില്ല. ട്രിപ്പിള്‍ ബി മൈനസ് എന്ന റേറ്റിംഗ് തുടരും. നിക്ഷേപ യോഗ്യതയുള്ള റേറ്റിംഗുകളില്‍ ഏറ്റവും താഴ്ന്നതാണിത്. 12 വര്‍ഷമായി ഫിച്ച് റേറ്റിംഗ് മാറ്റിയിട്ടില്ല.
സാമ്പത്തിക വളര്‍ച്ച, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവയെപ്പറ്റിയുള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ഫിച്ച് സ്വീകരിച്ചില്ല എന്നുവേണം ഇതില്‍നിന്ന് അനുമാനിക്കാന്‍. സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവേഴ്സ്, മൂഡീസ് എന്നീ റേറ്റിംഗ് ഏജന്‍സികളുടെ വിലയിരുത്തല്‍ താമസിയാതെ പുറത്തുവരും.
ഈ സാമ്പത്തികവര്‍ഷം 7.8 ശതമാനത്തിലേക്ക് ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച കൂടുമെന്ന് ഫിച്ച് കണക്കാക്കുന്നു. കഴിഞ്ഞവര്‍ഷം 6.7 ശതമാനം എന്ന താഴ്ന്ന നിലയിലായിരുന്നു വളര്‍ച്ച എന്നതുകൊണ്ടാണിത്. അതേസമയം തുടര്‍ന്നുള്ള രണ്ടുവര്‍ഷം ഇന്ത്യന്‍ വളര്‍ച്ച 7.3 ശതമാനത്തിലേക്കു താഴും എന്നും ഏജന്‍സി പ്രവചിക്കുന്നു.
ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചയെക്കാള്‍ ഗണ്യമായി കുറവാകും അടുത്ത രണ്ടുവര്ഷങ്ങളിലേത് എന്നതു സര്‍ക്കാരിനും രാജ്യത്തിനും ശക്തമായ മുന്നറിയിപ്പാണ്. ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ കന്പനികളുടെയും പ്രശ്നങ്ങള്‍മൂലം വായ്പയും നിക്ഷേപവും വര്‍ധിക്കാത്തതും ഉയര്‍ന്ന ക്രൂഡ്ഓയില്‍ വിലയുമാണ് വളര്‍ച്ചക്കുറവിനു കാരണമായി ഫിച്ച് എടുത്തുപറയുന്നത്.