ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 2019ലെ എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് പ്രോസ്പക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്ട്രേഷന് എന്ന സംവിധാനം ബാധകമാക്കി. പിഎഎആര് പരീക്ഷകള്‍ നടക്കുന്നതിന് വളരെ മുമ്പേ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്ന പദ്ധതിയാണ്. ബേസിക്, ഫൈനല്‍ രജിസ്ട്രേഷനുകള്‍ അടങ്ങുന്ന രണ്ടു ഘട്ട പ്രക്രിയയാണ് ഇത്.
ആദ്യ ഘട്ട അടിസ്ഥാന രജിസ്ട്രേഷന് പരീക്ഷയ്ക്ക് ആറ് മാസം മുമ്പ് ലഭ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയും ഇമേജുകള്‍ അപ് ലോഡു ചെയ്തും നടത്താം. ഇവ പരിശോധനയ്ക്കു വിധേയമാക്കും. തെറ്റുകളും കുറവുകളും പരിഹരിക്കാന്‍ അപേക്ഷകര്‍ക്ക് അവസരം നല്‍കും. രജിസ്ട്രേഷന് സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കും. ഈ ഘട്ടത്തില്‍ ഫീസ് അടയ്ക്കേണ്ടതില്ല. 2019ലെ പ്രവേശന പരീക്ഷയ്ക്കു മുമ്പ് നിശ്ചിതസമയത്ത് ബേസിക് രജിസ്ട്രേഷന് അവസാനിക്കും.
പ്രോസ്പക്ടസ്, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കും. അടിസ്ഥാന രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് തുടര്‍ന്ന് 2019ലെ എംബിബിഎസ് പരീക്ഷ അഭിമുഖീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. പരീക്ഷ എഴുതുന്ന പക്ഷം ഫൈനല്‍ രജിസ്ട്രേഷന് നടത്തണം. ഈ ഘട്ടത്തില്‍ ഫീസ് അടയ്ക്കണം. 2019ലെ പരീക്ഷ അഭിമുഖീകരിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഈ ഘട്ടം ഒഴിവാക്കാം. നിലവിലുള്ള ബേസിക്ക് രജിസ്ട്രേഷന് വച്ച് പിന്നീടുള്ള സെഷനിലെ പരീക്ഷയ്ക്കുള്ള ഫൈനല്‍ രജിസ്ട്രേഷന് ആ സമയത്ത് നടത്താം. ബേസിക് രജിസ്ട്രേഷന് എന്നും നിലനില്ക്കും.
2019ലെ എംബിബിഎസ് പ്രവേശന പരീക്ഷയുടെ ബേസിക് രജിസ്ട്രേഷന് നവംബര്‍ രണ്ടാം വാരം തുടങ്ങും. അന്തിമ രജിസ്ട്രേഷന് ഫെബ്രുവരിയില്‍. ബേസിക് രജിസ്ട്രേഷന് അംഗീകരിച്ചാല്‍ മാത്രമേ അന്തിമ രജിസ്ട്രേഷന് നടത്താന്‍ കഴിയൂ.