ഡല്‍ഹി: വിവാദ ചുഴിയില്‍ നിന്നും കരകയറാനാകാതെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. താരത്തിന്റെ പരാമര്‍ശനത്തിനെതിരെ ബിസിസിഐയില്‍ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിലാണ് വിരാട് ആരാധകനോട് ഇന്ത്യയില്‍ ജീവിക്കേണ്ടെന്നും പുറത്ത് പോകുന്നതായിരിക്കും നല്ലതെന്നും പറയുന്നത്. വിരാടിന്റെ വാക്കുകള്‍ പല കോണില്‍ നിന്നും പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നത്. ആരാധകരും ക്രിക്കറ്റ് താരങ്ങളും മറ്റ് മേഖലകളില്‍ നിന്നുമുള്ളവരുമെല്ലാം വിരാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ബിസിസിഐയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ബിസിസിഐ ട്രഷററായ അനിരുദ്ധ് ചൗധരിയാണ് വിരാടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അനിരുദ്ധിന്റെ പ്രതികരണം. വിരാടിന്റെ പെരുമാറ്റം ശരിയായില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ക്രിക്കറ്റ് ആരാധകരേയും അവരുടെ തീരുമാനങ്ങളേയും തിരഞ്ഞെടുപ്പുകളേയും ബിസിസിഐ മാനിക്കുന്നു. സുനില്‍ ഗവാസ്കറെ എനിക്ക് ഇഷ്ടമായിരുന്നു. അതേസമയം, തന്നെ എനിക്ക് ഗ്രീനിഡ്ജിനേയും ഇഷ്ടമായിരുന്നു. ഹെയ്നസിനേയും വിവ് റിച്ചാര്‍ഡ്സിനേയും ഇഷ്ടമായിരുന്നു.
സച്ചിനേയും സെവാഗിനേയും ഗാംഗുലിയേയും ലക്ഷ്മണിനേയും ദ്രാവിഡിനേയും ഇഷ്ടമാണ്. അതോടൊപ്പം തന്നെ മാര്‍ക്ക് വോയേയും ബ്രയാന്‍ ലാറയേയും ഇഷ്ടമാണ്. ഏറ്റവും ഇഷ്ടമുള്ള സ്പിന്നര്‍ ഷെയ്ന് വോണാണ്. പക്ഷെ ത്രില്ല് അനില്‍ കുംബ്ലെയുടെ ബൗളിങ് കാണാനായിരുന്നു. കപില്‍ ദേവും ഹാഡ്ലിയും ബോധവും ഇമ്രാന് ഖാനുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടവരാണ് അദ്ദേഹം പറയുന്നു.
രാജ്യത്തിന്റേയും രാഷ്ട്രീയത്തിന്റേയും അതിര്‍ത്തികളില്ലാതെ ക്രിക്കറ്റ് താരങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നാണ് അഭിപ്രായം. എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്. ഇവിടെ ജീവിക്കുകയും ഇവിടുത്തെ താരങ്ങളേയും പ്രോത്സാഹിക്കുകയും ചെയ്യുന്നത് തുടരുക തന്നെ ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരാടിനെതിരെ രൂക്ഷമായിട്ടായിരുന്നു മറ്റൊരു ബിസിസിഐ അംഗം പ്രതികരിച്ചത്. ഇന്ത്യയിലുള്ള മറ്റ് രാജ്യത്തിന്റെ ആരാധകര്‍ പുറത്ത് പോയാല്‍ പിന്നെ പ്യൂമ 100 കോടിയുടെ കരാര്‍ ഒപ്പിടാന്‍ വരില്ല വിരാട്. ബിസിസിഐയുടെ വരുമാനവും കുറയും.
അത് താരങ്ങളുടെ പ്രതിഫലവും കുറയാന്‍ കാരണമാകും. വിരാട് കരാര്‍ പരിശോധിച്ചാല്‍ താന്‍ അത് ലംഘിച്ചെന്ന് മനസിലാക്കാനാകും. ബിസിസിഐയുടെ പങ്കാളികളേയും പിന്തുണയ്ക്കേണ്ടതുണ്ട്. അല്ലാതെ സ്വകാര്യ പരസ്യങ്ങളേയും മറ്റുമല്ല പ്രൊമോട്ട് ചെയ്യേണ്ടത്. അദ്ദേഹം നല്ലൊരു താരമാണ്. പക്ഷെ നല്ല മനുഷ്യനാകാനും ശ്രമിക്കണം; അദ്ദേഹം പറഞ്ഞു.