തിരുവനന്തപുരം: ചെറുകിട-അസംഘടിത മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വിദേശവിപണനം ലക്ഷ്യമിട്ടു വ്യവസായ വകുപ്പു വാണിജ്യമിഷന്‍ രൂപീകരിക്കാനൊരുങ്ങുന്നു. ചെറുകിട വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണു വാണിജ്യ മിഷനു രൂപം നല്‍കുന്നത്.
ഭക്ഷ്യസംസ്കരണം, കൈത്തറി, ആയുര്‍വേദം, കരകൗശലം, തടി ഫര്‍ണിച്ചര്‍, മുള ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്കു യൂറോപ്യന്‍ രാജ്യങ്ങളിലടക്കമുണ്ടായിട്ടുള്ള വര്‍ധിച്ച ആവശ്യം പരിഗണിച്ചാണു സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോകുന്നത്. ചെറുകിട- വ്യവസായ വ്യാപാര മേഖലയുടെ ഉണര്‍വിനായി വാണിജ്യ മിഷന് രൂപീകരണത്തിലൂടെ കഴിയുമെന്നാണു വ്യവസായ വകുപ്പിന്റെ പ്രതീക്ഷ.
ചെറുകിട വ്യവസായ മേഖലയിലെ ചൂഷണം ഒഴിവാക്കാനായി ഇത്തരം ഉത്പന്നങ്ങളുടെ കയറ്റുമതി ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരും. നിലവില്‍ അധിക പരിഗണന ലഭിക്കാത്ത സംസ്ഥാനത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മിഷന് രൂപീകരിക്കുന്നതോടെ കഴിയുമെന്നു കരുതുന്നു.
ചെറുകിട ഉത്പാദകര്‍ക്ക് നേരിട്ടു വിദേശ വിപണി കണ്ടെത്തിക്കൊടുക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെങ്കിലും വിപണിയുടെ ആവശ്യം അനുസരിച്ച് മിഷന്‍തന്നെ ഇടനിലക്കാരാവുന്നതിന്റെ പ്രായോഗികതയും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെ നയം പ്രധാന ഘടകമാകും.
സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങളും കാര്‍ഷികോത്പന്നങ്ങളും സംഭരിച്ച് വിദേശവിപണിയില്‍ വിറ്റഴിക്കുന്നകാര്യവും പരിഗണനയിലുണ്ട്. നിലവില്‍ കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി വന്‍ സംരഭകരോ ഇടനിലക്കാരോ ആണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഈ മേഖലയില്‍ നേരിട്ട് ഇടപെടുന്നതോടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കാനാകുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ വിപണി സംബന്ധിച്ച് പ്രത്യേക പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തും. വിനോദ സഞ്ചാരവകുപ്പുമായി ചേര്‍ന്നു സംസ്ഥാനത്തും വിദേശരാജ്യങ്ങളിലും പ്രത്യേക മേളകള്‍ സംഘടിപ്പിക്കാനും മിഷന് ഉദ്ദേശിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നടക്കുന്ന വ്യാപാരമേളകളില്‍ സംസ്ഥാനത്തുനിന്നുള്ള സംരംഭകരെ പങ്കെടുപ്പിക്കും. പുതുതായി വരുന്ന സംരംഭകര്‍ക്ക് ആവശ്യമായ സാങ്കേതികസഹായം നല്‍കാനും മിഷനില്‍ സൗകര്യം ഒരുക്കും.