മുംബൈ: ഇന്ത്യന്‍ കളിക്കാരെ ഇഷ്ടമല്ലെങ്കില്‍ ഇന്ത്യ വിട്ടുപോകണമെന്നു ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ട്വിറ്ററിലൂടെ വിദേശ താരങ്ങളോടുള്ള ഇഷ്ടം വെളിപ്പെടുത്തിയ ആരാധകനോടാണു രാജ്യം വിട്ടുപോകാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകന് നിര്‍ദേശിച്ചത്. തന്റെ പേരിലുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണാര്‍ഥം പുറത്തിറക്കിയ വിഡിയോയിലായിരുന്നു കോഹ്ലിയുടെ വിവാദ പരാമര്‍ശം.
അമിത പ്രചാരം ലഭിച്ച ബാറ്റ്സ്മാനാണു കോഹ്ലി. വ്യക്തിപരമായി അദ്ദേഹത്തിന്റെ ബാറ്റിംഗില്‍ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടം എന്ന് ട്വീറ്റ് ചെയ്ത ആരാധകനാണു കോഹ്ലി മറുപടി നല്‍കിയത്.
നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്നു ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍നിന്നു പോയി വേറെ എവിടേയെങ്കിലും ജീവിക്കൂ. ഞങ്ങളുടെ രാജ്യത്തു ജീവിച്ചു നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ് നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്നില്ല.
പക്ഷേ, നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തു ജീവിച്ചു മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നതു ശരിയാണെന്ന് തോന്നുന്നില്ല എന്നായിരുന്നു ആരാധകനു കോഹ്ലി നല്കിയ മറുപടി. കോഹ്ലിയുടെ മറുപടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര് ഇന്ത്യന്‍ നായകനെ വിമര്‍ശിച്ചു രംഗത്തെത്തി.
ടെന്നീസില്‍ സ്വിറ്റ്സര്‍ലന്‍ഡുകാരനായ റോജര്‍ ഫെഡററെ ആരാധിക്കുന്ന കോഹ്ലി എന്തിനാണ് ഇന്ത്യയില്‍ കഴിയുന്നതെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. കോഹ്ലിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് വിരാട് കോഹ്ലി മൊബൈല്‍ ആപ് പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്