ന്യൂഡല്‍ഹി: ഇന്ത്യ-വിന്റീസ് ടി20 മത്സരത്തിന്റെ തുടക്കം കുറിക്കുന്നതിനുളള മണിയടിക്കാന്‍ അസ്ഹറുദ്ദീനെ അനുവദിച്ചതിനെതിരെ ഗൗതം ഗംഭീര്‍. ബിസിസിഐ, സിഒഎ, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് എന്നിവര്‍ക്കെതിരെയാണ് ഗംഭീര്‍ ആഞ്ഞടിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി 99 ടെസ്റ്റും 344 ഏകദിനങ്ങളും കളിച്ച മുന്‍ ക്യാപ്റ്റനായ അസ്ഹറുദ്ദീനെ 2000 ത്തില്‍ ഒത്തുകളിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ആജീവനാന്തം വിലക്കിയത്. ഈ വിലക്ക് 2012 ല്‍ ആന്ധ്ര ഹൈക്കോടതി എടുത്തുകളഞ്ഞു. വിലക്ക് നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വിധിച്ചു.
ഇന്ത്യ ഈഡന് ഗാര്‍ഡനില്‍ ഇന്നത്തെ മത്സരം ജയിച്ചിരിക്കും. പക്ഷെ അതില്‍ സന്തോഷിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. അഴിമതിക്കാരായ ക്രിക്കറ്റര്‍മാരോട് ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്ന തീരുമാനത്തിന് ഞായറാഴ്ചകളില്‍ അവധിയാണോ? ആ മണിയടിയൊച്ച അധികാര കേന്ദ്രങ്ങള്‍ കേട്ടെന്നാണ് ഞാന്‍ കരുതുന്നത്. ഗംഭീര്‍ കടുത്ത ഭാഷയില്‍ ട്വീറ്റ് ചെയ്തു.
വിലക്ക് ഒഴിവാക്കപ്പെട്ടതിന് ശേഷം അസ്ഹറുദ്ദീന് പല തവണ ക്രിക്കറ്റ് ഭാരവാഹിത്വത്തിലേക്ക് വരാന്‍ ശ്രമിച്ചിരുന്നു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് വരാനുളള അദ്ദേഹത്തിന്റെ അപേക്ഷ വിലക്കിന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ വ്യക്തതയില്ലെന്ന കാരണത്താല്‍ തളളി. എന്നാല്‍ ഈയടുത്ത് അസ്ഹറുദ്ദീന് ബിസിസിഐ, ഐസിസി തുടങ്ങിയ ഏത് സ്ഥാപനത്തിലും ഭാരവാഹിയാകുന്നതിന് വിലക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു.
1993 ല്‍ ഹീറോ കപ്പില്‍ ഇന്ത്യയെ ഈഡന് ഗാര്‍ഡനില്‍ വിജയത്തിലേക്ക് നയിച്ചത് അസ്ഹറുദ്ദീനാണ്. ഈഡന് ഗാര്‍ഡനില്‍ ഗംഭീറിനും പ്രത്യേക താത്പര്യമുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഏഴ് വര്‍ഷം ആണ് അദ്ദേഹം കളിച്ചത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായ സൗരവ് ഗാംഗുലി 1992 ല്‍ അസ്ഹറുദ്ദീന് ക്യാപ്റ്റനായ ഇന്ത്യന്‍ ടീമിലാണ് ആദ്യമായി അരങ്ങേറ്റം കുറിച്ചത്.