ഇനി ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് മഹേന്ദ്ര സിങ് ധോണി തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഓസ്ട്രേലിയയ്ക്കും വെസ്റ്റിന്‍ഡീസിനുമെതിരായ ട്വന്റി20 മത്സരങ്ങളില്‍ നിന്ന് ധോണിയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
സെക്കന്‍ഡ് വിക്കറ്റ് കീപ്പറെ നോക്കുന്നതിന് വേണ്ടിയാണ് ധോണിയെ ഒഴിവാക്കുന്നതെന്ന് സെലക്ഷന് കമ്മിറ്റി തലവനായ എംഎസ് കെ പ്രസാദ് പറഞ്ഞിരുന്നു. പകരം റിഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനെയുമാണ് ഉള്‍പ്പെടുത്തുന്നതെന്നും ഇരുവര്‍ക്കും ബാറ്റ് ചെയ്യാനും കീപ്പിങ്ങിനും അവസരമുണ്ടാകുമെന്നും എംഎസ്കെ പ്രസാദ് പറഞ്ഞിരുന്നു.
എന്നാല്‍ ഫോമില്ലായ്മയാണ് ധോണിയുടെ പുറത്താകലിന് കാരണമെന്നാണ് സൂചന. ഇക്കാര്യം തന്നെയാണ് ആകാശ് ചോപ്രയും സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ട്വന്റി20 മത്സരങ്ങളില്‍ ഫോം ഔട്ടായിരുന്നു ധോണി. ഇക്കൊല്ലം രണ്ടാമത്തെ തവണയാണ് ധോണിയെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. നിദാഹാസ് ട്രോഫിയില്‍ ധോണി കളിച്ചിരിന്നില്ല.
37 കാരനായ ധോണി 2019ല്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കുമെന്ന് സൂചനയുണ്ടെങ്കിലും 2020ല്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്.