ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം അന്ന ബേണ്‍സിന്. വടക്കന്‍ അയര്‍ലന്‍ഡില്‍നിന്നുള്ള എഴുത്തുകാരിയായഅന്നയുടെ ‘മില്‍ക്മാന്‍’ എന്ന പരീക്ഷണാത്മക നോവലിനാണ് പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യത്തെ ഐറിഷ് എഴുത്തുകാരിയാണ് അന്ന.
ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്നയ്ക്ക് പുരസ്കാരം സമ്മാനിച്ചു. 50,000 ബ്രിട്ടീഷ് പൗണ്ടാണ് സമ്മാനത്തുക. ബ്രിട്ടനില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള രണ്ട് എഴുത്തുകാര്‍ വീതവും കാനഡയില്‍നിന്നുള്ള ഒരാളുമാണ് അന്ന ബേണ്‍സിനൊപ്പം അവാര്‍ഡിനായി അന്തിമ പട്ടികയിലുണ്ടായിരുന്നത്.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് തന്നേക്കാള്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന ഒരാളുമായുള്ള ബന്ധവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസവുമാണ് പേരില്ലാത്ത നഗരത്തില്‍ നടക്കുന്ന കഥയിലൂടെ അന്ന പറയുന്നത്. ബെല്‍ഫാസ്റ്റ് സ്വദേശിനിയായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്മാന്‍. ഐറിഷ് പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് നോവലിന്റെ ഇതിവൃത്തം.