ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന് പിന്നാലെ നാളെ ഹൈദരാബാദില്‍ ആരംഭിക്കുന്ന ടെസ്റ്റിലും ഇന്ത്യന്‍ നിര ശക്തമായി തന്നെ. ദുര്‍ബലരെന്ന് കരുതി വിന്‍ഡീസിനെതിരെ രണ്ടാം നിര ടീമിനെയൊന്നും ഇന്ത്യ പരീക്ഷിക്കില്ല.
രാജ്കോട്ട് ടെസ്റ്റിലെ അതേ ടീമിനെതന്നെ ഇന്ത്യ നിലനിര്‍ത്തി. ആദ്യ ടെസ്റ്റിലേതെന്ന പോലെ നാളത്തെ ടെസ്റ്റിനും ‘പന്ത്രണ്ടംഗ’ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ശര്‍ദുല്‍ താക്കൂറാണ് പന്ത്രണ്ടാമന്. മായങ്ക് അഗര്‍വാളിനും മുഹമ്മദ് സിറാജിനും,ഹനുമ വിഹാരിക്കും ഹൈദരാബാദിലും അവസരമുണ്ടാവില്ല.
വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യയില്‍ എല്ലാവരും അപാരഫോമിലുമാണ്. അതായത് ഇന്ത്യക്ക് ആദ്യം ബാറ്റ് ലഭിച്ചാല്‍ റണ്‍ മലയൊരുക്കാനാകുമെന്ന്. ഷമി നയിക്കുന്ന പേസ് ആക്രമണത്തേയും അശ്വിന്-ജഡേജ-കുല്‍ദീപ് എന്നിവരൊരുക്കുന്ന സ്പിന്‍ കെണിയേയും അതിജീവിക്കാന്‍ പാകത്തിലുള്ള ബാറ്റ്സ്മാന്മാരൊന്നും നിലവില്‍ വിന്‍ഡീസ് നിരയിലില്ല. അതേസമയം വിന്‍ഡീസ് ടീമില്‍ പൂര്‍ണമായും പ്രശ്നങ്ങള്‍ മാറിയിട്ടില്ല. നായകന് ജേസണ്‍ ഹോള്‍ഡറിന് കളിക്കാനാകുമോ എന്നത് സംശയമാണ്.