നെവാഡ: പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ പീഡന കേസ് ലാസ് വെഗാസ് പോലീസ് വീണ്ടും അന്വേഷിക്കുന്ന സാഹചര്യത്തില്‍ ദേശിയ ടീമില്‍നിന്ന് പുറത്ത്. സ്കോട്ലന്ഡിനും പോളണ്ടിനുമെതിരായ മത്സരത്തിനുള്ള ടീമില്‍ നിന്നാണ് താരത്തെ പുറത്താക്കിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ ദേശീയ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല.
അമേരിക്കന്‍ മോഡല്‍ കാതറീന് മയോര്‍ഗ റൊണാള്‍ഡോയ്ക്കെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത് അടുത്തിടെയാണ്. കാതറീന് പുറത്തുവിട്ട പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലാസ് വേഗാസ് പോലീസ് പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റൊണാള്‍ഡോയെ ഒഴിവാക്കിക്കൊണ്ട് ടീമിനെ പ്രഖ്യാപിച്ചത്.
2009ല്‍ ലാസ്വേഗാസിലെ ഹോട്ടലില്‍ വച്ച് ക്രിസ്റ്റ്യനോ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇരുവരും നിശാക്ലബില്‍ ഒരുമിച്ചു നില്‍ക്കുന്നതിന്റെ ചിത്രം പാപ്പരാസികള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവരാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു റൊണാള്‍ഡോയുടെ വിശദീകരണം.