തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്ക്കര്‍ അന്തരിച്ചു. 40 വയസ്സായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്ക്കര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴുത്തിനും സുഷ്മിന നാഡിക്കും ശ്വാസകോശത്തിനും പരിക്കേറ്റ സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അപകടത്തില്‍ ബാലഭാസ്ക്കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചാണ് അപകടമുണ്ടായത്.
മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് നിഗമനം. ബാലഭാസ്ക്കറും മകളും കാറിന്റെ മുന്‍സീറ്റിലായിരുന്നു ഇരുന്നിരുന്നത്.
സഹപാഠികളായിരുന്ന ബാലഭാസ്ക്കറും ലക്ഷ്മിയും 2000 ലാണ് വിവാഹിതരായത്. പതിനാറുവര്ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അവര്‍ക്ക് മകള്‍ പിറന്നത്. വയലിനില്‍ മാന്ത്രികത തീര്‍ത്ത് ചെറുപ്രായത്തില്‍ തന്നെ യുവാക്കളുടെ ഹരമായി മാറിയ വയലിനിസ്റ്റാണ് ബാലഭാസ്ക്കര്‍.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ലാ ഖാന് സംഗീത പുരസ്കാരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഉച്ചതിരിഞ്ഞ് സംസ്കാര ചടങ്ങുകള്‍ നടക്കും.