കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ എടികെയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടനം ഗംഭീരമാക്കി. ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന് കോപ്പലാശാന്റെ ഇപ്പോഴത്തെ ടീമിനെതിരായ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. സച്ചിന് കൈയൊഴിഞ്ഞ ടീമിനെ ലാലേട്ടന് കൈപിടിച്ചുയര്‍ത്തുമെന്ന സന്ദേശമാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്.
ആദ്യമായാണ് കൊല്‍ക്കത്തയില്‍ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ മുട്ടുകുത്തിക്കുന്നത്. ഇതോടെ അഞ്ചാം സീസണിന്റെ തുടക്കം മഞ്ഞപ്പടയ്ക്ക് ത്രിസിപ്പിക്കുന്നതായി. 76-ാം മിനുറ്റില്‍ സ്റ്റൊജാനോവിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് പ്രതിരോധത്തില്‍ തട്ടി വഴിതിരിഞ്ഞ എത്തിയപ്പോള്‍ പോപ്ലാറ്റ്നിച്ച് തലകൊണ്ട് വലയിലിട്ടു. 86-ാം മിനുറ്റില്‍ സെര്‍ബിയന്‍ താരം സ്റ്റൊജാനോവിച്ച് ലോകോത്തര ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് രണ്ടിലെത്തിച്ചു. എടികെ പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോള്‍ബാറിന്റെ വലതുമൂലയിലേക്ക് സ്റ്റൊജാനോവിച്ച് പന്ത് വളച്ചിറക്കുകയായിരുന്നു.