ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ വികസന പരിപാടി മനുഷ്യവികസന സൂചിക വിരല്‍ ചൂണ്ടുന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്റെ തീവ്രതയിലേക്കാണ്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം നമ്മള് ഒരുപാട് മുന്നോട്ട് പോയി. എന്നാല്‍ അസമത്വത്തിന്റെ കാര്യത്തിലോ? ഇന്ത്യയില്‍ ഇപ്പോഴും വിദ്യാഭ്യാസം, ആരോഗ്യരക്ഷയ്ക്കുമുള്ള സൗകര്യം, വരുമാനം എന്നീ മേഖലകളില്‍ ഇപ്പോഴും അസമത്വം നിലനില്ക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് പുതിയ യുഎന്‍ഡിപി റിപ്പോര്‍ട്ട്.
189 രാജ്യങ്ങളുള്‍പ്പെട്ട മനുഷ്യവികസന സൂചികയില്‍ (എച്ച്ഡിഐ) 130ാം സ്ഥാനത്താണ് ഇന്ത്യ. 1990 മുതല്‍ 2017 വരെയുള്ള 27 വര്‍ഷംകൊണ്ട്, ഇന്ത്യയുടെ എച്ച്ഡിഐ നിലവാരം 0.427-പോയന്റില്‍ നിന്ന് 0.640-പോയന്റിലേക്ക് ഉയര്‍ന്നു. ആളോഹരി ദേശീയവരുമാനത്തില്‍ (ജിഎന്‍ഐ) ഇക്കാലയളവില്‍ വന്‍കുതിച്ചുകയറ്റമുണ്ടായി. ജഎന്ഐയില് ഏതാണ്ട് 226 ശതമാനം വര്‍ധനയാണ് ഇക്കാലത്തുണ്ടായത്. എന്നാല്‍ അസമത്വത്തിന്റെ തോത് കണക്കിലെടുത്താല്‍ 27 വര്‍ഷത്തിനിടെ ഇന്ത്യയുടെ എച്ച്ഡിഐ നിലവാരം 0.468 പോയന്റ് ആയി കുറഞ്ഞു. അതായത്, 26.8 ശതമാനം നിലവാരത്തകര്‍ച്ച മറ്റു ലോകരാഷ്ട്രങ്ങളുടെ ശരാശരിയെക്കാള്‍ ഏറെ മോശമാണിത്.
സ്ത്രീ-പുരുഷ അസമത്വങ്ങളുടെ കാര്യം എടുത്തുനോക്കുമ്പോള്‍: പ്രത്യുത്പാദന ആരോഗ്യം, രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ശാക്തീകരണം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ ലിംഗാസമത്വം പ്രതിഫലിപ്പിക്കുംവിധം ലിംഗാസമത്വ സൂചികയിലെ 160 രാജ്യങ്ങളില്‍ 127-ാം സ്ഥാനത്താണ് ഇന്ത്യ.
ഭരണരംഗം വിദ്യാഭ്യാസം: ഇന്ത്യന്‍ പാര്‍ലമെന്റില്‍ 11.6 ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. രാജ്യത്തെ 39 ശതമാനം സ്ത്രീകള്‍ക്കുമാത്രമാണ് സെക്കന്‍ഡറിതലംവരെയുള്ള വിദ്യാഭ്യാസമെങ്കിലും സാധ്യമാകുന്നത്. എന്നാല്‍, സെക്കന്‍ഡറി വിദ്യാഭ്യാസം നേടുന്ന പുരുഷന്മാര് 64 ശതമാനമാണ്.
തൊഴില്‍: തൊഴിലിടങ്ങളിലാണ് ഇന്ത്യയില്‍ സ്ത്രീപുരുഷ അന്തരം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. 27.2 ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ക്കേ തൊഴില്‍ കണ്ടെത്താനാവുന്നുള്ളൂ. പുരുഷന്മാരില് 78.8 ശതമാനം തൊഴില്‍ ചെയ്യുന്നവരാണ്. ആഗോളതലത്തില്‍ സ്ത്രീത്തൊഴിലാളികള്‍ 49 ശതമാനവും പുരുഷ തൊഴിലാളികള്‍ 75 ശതമാനവുമായിരിക്കുമ്പോഴാണ് ഇന്ത്യയില്‍ ഈ അന്തരം.
ആളോഹരി ദേശീയവരുമാനം, ആയുര്‍ദൈര്‍ഘ്യം അടിസ്ഥാനമാക്കിയുള്ള ആരോഗ്യം, പ്രായപൂര്‍ത്തിയായവരുടെ വിദ്യാഭ്യാസം എന്നീ മൂന്ന് അടിസ്ഥാനഘടകങ്ങളിലെ പുരോഗതിയാണ് എച്ച്ഡിഐ തയ്യാറാക്കാന്‍ യുഎന്‍ഡിപി പരിഗണിക്കുന്നത്. നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നിവയാണ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.