ധാക്ക: സാഫ് കപ്പിന്റെ അന്തിമഘട്ടത്തില്‍ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ. സാഫ് കപ്പിന്റെ ചരിത്രത്തില്‍ ഒറ്റത്തവണ മാത്രം ഫൈനല്‍ നഷ്ടമായ ഇന്ത്യ ഇത്തവണ കിരീടം നേടിയാല്‍ തുടര്‍ച്ചയായ മൂന്നാം കിരീടവുമാകും. ശനിയാഴ്ച നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യ മാലിദ്വീപിനെ നേരിടും.
12 തവണ ടൂര്‍ണമെന്റ് നടന്നപ്പോള്‍ 2003 ല്‍ മാത്രമാണ് ഇന്ത്യ ഫൈനല്‍ കളിക്കാതിരുന്നത്. ഏഴുതവണ ജേതാക്കളും മൂന്നുതവണ രണ്ടാംസ്ഥാനക്കാരുമായി.സാഫ് കപ്പില്‍ മാലദ്വീപിനെതിരെ 19 തവണ ഏറ്റുമുട്ടിയതില്‍ 14 തവണയും ഇന്ത്യക്കായിരുന്നു ജയം. മൂന്നുതവണ മാലദ്വീപും.
സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, ഗുര്‍പ്രീത് സിങ്ങ് സന്ധു, സന്ദേശ് ജിങ്കന് തുടങ്ങിയ പ്രമുഖരെയെല്ലാം മാറ്റിനിര്‍ത്തിയാണ് ഇന്ത്യ ടൂര്‍ണമെന്റിന് എത്തിയത്. അണ്ടര്‍ 23 താരങ്ങളാണ് ബഹുഭൂരിപക്ഷവും. യുവതാരങ്ങള്‍ക്ക് അവസരവും അവരില്‍ മികവ് കാട്ടുന്നവര്‍ക്ക് സീനിയര്‍ ടീം സാധ്യതയും മുന്നില്‍ കണ്ടാണിത്. ഏഷ്യന്‍ കപ്പിനുള്ള ടീമില്‍ ഇടംതേടുന്ന യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇബ്രാഹിം വഹീദ് ഹസ്സനാണ് മാലദ്വീപിന്റെ മുന്നേറ്റത്തില്‍ പ്രധാനി. ഒറ്റക്കളിയും തോല്‍ക്കാതെ ഫൈനലില്‍ കടന്ന നിലവിലെ ചാമ്പ്യന്മാര് അനായാസം ജയം നേടുമെന്നാണ് പ്രവചനങ്ങള്‍.