സാന്‍ഫ്രാന്‍സിസ്കോ: നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എത്ര ആപ്ലിക്കേഷനുകളുണ്ട്? അതില്‍ തന്നെ എത്ര ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഉണ്ട്? അത്ര എളുപ്പത്തില്‍ ഓര്‍ത്തെടുക്കാനാവുന്നില്ല അല്ലേ? എങ്കില്‍ ശ്രദ്ധിക്കണമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
എന്തെന്നാല്‍, അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തില്‍ ഉപഭോക്താക്കളുടെ ചലനങ്ങള്‍ വിവിധ ആപ്ലിക്കേഷനുകളിലൂടെ ഗൂഗിള്‍ നിരീക്ഷിക്കുന്നതായി വ്യക്തമായി. സ്വകാര്യത ഉറപ്പുവരുത്താന്‍ ലൊക്കേഷന്‍ മറച്ചുവയ്ക്കണം എന്നാവശ്യപ്പെട്ട ഉപഭോക്താക്കളുടെ ചലനങ്ങളടക്കം നിരീക്ഷിക്കപ്പെടുന്നതായാണ് വിവരം.
അസോസിയേറ്റഡ് പ്രസിന്റെ അപേക്ഷ പരിഗണിച്ച് ഇക്കാര്യം പ്രിന്‍സ്ടണിലെ കംപ്യൂട്ടര്‍ സയന്‍സ് റിസര്‍ച്ചര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
ഭൂരിഭാഗം ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതിന് മുന്നോടിയായി ഉപഭോക്താക്കളോട് തങ്ങളുടെ ലൊക്കേഷന്‍ പങ്കുവയ്ക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട്. നാവിഗേഷന്‍ ഉപയോഗിക്കണമെങ്കില്‍ ലൊക്കേഷന്‍ അറിയാന്‍ അനുവദിക്കണമെന്ന് ഗൂഗിള്‍ മാപ്സ് ആവശ്യപ്പെടുന്നുണ്ട്. ഇതിന് അനുവാദം നല്കുകയാണെങ്കില് പിന്നീടങ്ങോട്ട് എല്ലായ്പ്പോഴും ഗൂഗിള്‍ നിങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിച്ച് കൊണ്ടേയിരിക്കും.
ഇത് നിങ്ങളുടെ സ്വകാര്യത നേരിടുന്ന വെല്ലുവിളികളാണെന്നാണ് അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കുന്നത്. എന്നാല്‍ ലൊക്കേഷന്‍ ഹിസ്റ്ററി എപ്പോള്‍ വേണമെങ്കിലും ഓഫ് ചെയ്യാമെന്നും പിന്നീട് ലൊക്കേഷന്‍ അറിയാന്‍ ആപ്ലിക്കേഷനുകള്‍ക്ക് സാധിക്കില്ലെന്നുമാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാലിത് തെറ്റാണെന്ന് അസോസിയേറ്റഡ് പ്രസ് പറയുന്നു. ലൊക്കേഷന്‍ ഹിസ്റ്ററി ഓഫ് ചെയ്ത് വച്ചാലും ഗൂഗിളിന്റെ ചില ആപ്ലിക്കേഷനുകള്‍ ലൊക്കേഷന്‍ നിരീക്ഷിക്കുന്നുണ്ട്.
മാപ്സ് ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ തന്നെ ഗൂഗിള്‍ ഉപഭോക്താവിന്റെ ചിത്രം സൂക്ഷിക്കുന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇതിലൂടെ ലൊക്കേഷന്‍ തിരിച്ചറിയുന്നു. കാലാവസ്ഥ റിപ്പോര്‍ട്ട് ദിനേന ലഭിക്കുന്നതിനായുളള ആപ്ലിക്കേഷനിലൂടെ ലൊക്കേഷന്‍ ഗൂഗിള്‍ മനസിലാക്കുന്നുണ്ട്.
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്ന ലോകത്തെ രണ്ട് ബില്യണ്‍ ഉപഭോക്താക്കളെയും ബാധിക്കുന്നതാണ് ഈ പ്രശ്നം. അതിന് പുറമെയാണ് ഗൂഗിള്‍ മാപ്സ് പോലുളള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കളും.
ഓരോ ആപ്ലിക്കേഷനിലും ലൊക്കേഷന്‍ ഹിസ്റ്ററി ഓഫ് ചെയ്യാനും, സംഭരിച്ച് വച്ചിരിക്കുന്ന വിവരങ്ങള്‍ മായ്ച്ചുകളയാനും സാധിക്കുമെന്നാണ് ഗൂഗിള്‍ അവരുടെ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്. ഗൂഗിള്‍ ആപ്ലിക്കേഷന്‍ സെറ്റിങ്സില്‍ വെബ് ആന്റ് ആപ് ആക്ടിവിറ്റി എന്നതും ‘Web and App Activity’ ഓഫ് ചെയ്യാം.
എന്നാല്‍ ഇതിലൂടെ ആപ്ലിക്കേഷനില്‍ ഒരു വിവരവും പിന്നീട് സേവ് ചെയ്യാന്‍ പറ്റാതെ വരും. എന്നാല്‍ ലൊക്കേഷന്‍ ഹിസ്റ്ററി മാത്രമാണ് ഓഫ് ചെയ്യുന്നതെങ്കില്‍ നമ്മള് എവിടെ എപ്പോള്‍ ഉണ്ടായിരുന്നുവെന്ന് ഗൂഗിളിന് മനസിലാക്കാന്‍ സാധിക്കില്ല.