ചില സുപ്രധാന ആപ്പ് ഡെവലപ്പ്മെന്റ് ടൂളുകളില്‍ നിന്നും ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ ഗൂഗിളിന് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് നിര്‍മ്മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. കൂടാതെ ജീവനക്കാര്‍ ഗൂഗിളിന്റെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ മാത്രം ഉപയോഗിക്കുന്ന ജിബസ്, കഫേ ആപ്പ് പോലുള്ളവയും പ്രവര്‍ത്തന രഹിതമായി. ആപ്പിളിന്റെ ആപ്പ് വിതരണ നയം ലംഘിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ആപ്പിള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിനും 24 മണിക്കൂര്‍ നേരത്തേക്ക് ഇതേ രീതിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വൈകാതെ ഗൂഗിളിന്റെ ആപ്ലിക്കേഷനുകള്‍ തിരിച്ചെത്തിയതായാണ് സൂചന.
ആപ്പിള്‍ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ക്ക് നല്‍കാറുണ്ട്. ഗൂഗിളിന്റെ ജിബസ്, കഫേ ആപ്പുകള്‍ ഇത്തരത്തിലുള്ളതാണ്. ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് സാധാരണ ആപ്ലിക്കേഷനുകള്‍ക്ക് ഉണ്ടാവുന്ന പരിശോധനകള്‍ ഉണ്ടാവാറില്ല.
ഐഫോണ്‍ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനുള്ളതായിരുന്നു എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റിന് കീഴില്‍ ഗൂഗിള്‍ നിര്‍മ്മിച്ച സ്ക്രീന്‍വൈസ് മീറ്റര്‍ ആപ്ലിക്കേഷന്‍. ഫേസ്ബുക്കിന്റെ റിസര്‍ച്ച് ആപ്ലിക്കേഷനും സമാനമായ വിവരശേഖരണങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്കിനും ഗൂഗിളിനും എതിരെ ആപ്പിള്‍ നടപടി സ്വീകരിച്ചത്.
ഗൂഗിളിനും ഫേസ്ബുക്കിനും എതിരെ പോലും നടപടി സ്വീകരിച്ചതിലൂടെ മറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആപ്പിള്‍. ആപ്പിളിന്റെ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന തെളിവുകളുണ്ട്. ആമസോണ്‍ പോലുള്ള കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.