ജീവിതം യന്ത്രങ്ങള്ക്കടിമപ്പെടുന്ന കാലം വിദൂരമല്ല. മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങള്‍ ലോകം കീഴടക്കുന്നത് നാം ഉടന്‍ കാണേണ്ടിവരും. ഇതിനുള്ള നേര്‍ക്കാഴ്ചയാണ് കോയമ്പത്തൂരിലെ അവിനാശി റോഡിലെ ഹോട്ടല്‍. ആവശ്യപ്പെടുന്നതെല്ലാം ഓര്‍ഡറെടുത്ത് യഥാസമയം യഥാക്രമം ആവശ്യക്കാരിലെത്തിക്കുന്ന റോബോട്ടുകള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ച തന്നെയാണ്. ചൈനീസ്, ഡെസര്‍ട്ട് തുടങ്ങിയ എല്ലാ വിഭവങ്ങള്‍ക്കും റോബോട്ടുകള്‍ തെറ്റാതെ ഓര്‍ഡര്‍ സ്വീകരിക്കും.
മേഘാലയ, തിബത്ത് എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയവരാണ് അവിനാശി റോഡ് സെന്തില്‍ ടവേഴ്സിലെ റോബോട്ട് റസ്റ്റോറന്റിന്റെ നടത്തിപ്പുകാര്‍. ഒമ്പത് റോബോട്ടുകളാണ് ഭക്ഷണം ടേബിളിലെത്തിക്കാന് റസ്റ്റോറന്റില്‍ സജ്ജമാക്കിയിരിക്കുന്നത്. മാനേജര്‍ റിമോട്ട് കണ്ട്രോളില് നല്കുന്ന സന്ദേശങ്ങള്‍ റോബോട്ടുകള്‍ സ്വീകരിക്കും. അതിനനുസരിച്ച് കൃത്യമായി ചിട്ടയോടെ പ്രവര്‍ത്തിക്കും.
തീന്മേശകള് കീഴടക്കിക്കൊണ്ടിരിക്കുന്ന റോബോര്‍ട്ടുകളെ കാണാനായി നിരവധി പേരാണ് ഹോട്ടലില്‍ എത്തുന്നത്. അതിഥികള്‍ ഓര്‍ഡര്‍ നല്കുന്ന ഭക്ഷണം ഒട്ടും വൈകാതെ തന്നെ എത്തിച്ചു നല്കുന്ന റോബര്ട്ടുകള് ഇവരുടെ പ്രിയപ്പെട്ടവരാകാന്‍ അധികം സമയമെടുക്കേണ്ടി വന്നിട്ടില്ല. അടുക്കളയില്‍ നിന്നുമെത്തിക്കുന്ന ഭക്ഷണം അതിഥികള്‍ക്കു മുന്നില്‍ വിളമ്പാന്‍ മാത്രം പരസഹായം ആവശ്യമാണ് ഈ യന്ത്രമനുഷ്യര്‍ക്ക്.