വാഷിംഗ്ടണ്‍: ക്ഷീരപദത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക കണ്ടെത്തലുമായി ശാസ്ത്രലോകം. ക്ഷീരപദത്തിന്റെ നാലില്‍ ഒന്ന് മാത്രം വലുപ്പമുള്ള മറ്റൊരു ഗ്യാലക്സിയുമായി 10 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടിയിടി ഉണ്ടായെന്നും അതിന്റെ ഫലമായാണ് ഇന്നു കാണുന്ന സൂര്യന് ഉള്‍പ്പെട്ട നക്ഷത്രക്കൂട്ടം ഉണ്ടായിരിക്കുന്നതെന്നുമാണ് കണ്ടെത്തല്‍.
ഗെയ്ല എന്‍സിലാഡസ് (ഗ്രീക്ക് മിത്തോളജിയില്‍ നിന്നും സ്വീകരിച്ച പേര്) എന്ന ഗ്യാലക്സിയുമായാണ് കൂട്ടിയിടി നടന്നത്. ക്ഷീരപദത്തിന്റെ ഹാലോ മാത്രമല്ല. അതിന്റെ ഡിസ്ക്ക് ഭാഗത്തെ നക്ഷത്രങ്ങള്‍ കൂടി രൂപപ്പെടുന്നതില്‍ ഈ സംഭവം നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 600 മില്യണ്‍ സൂര്യന്മാരാണ് ഹാലോ രൂപം കൊള്ളുന്നതില്‍ സഹായിച്ചത്.
കൂട്ടിയിടിയ്ക്ക് ശേഷമുണ്ടായ സംയോജനത്തിന്റെ ഫലമായാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്ന ഹാലോ രൂപം കൊണ്ടത്. ഇതിന്റെ കട്ടി വളരെ കൂടുതലാണ്. ഹാലോ രൂപം കൊള്ളുന്നതില്‍ ഇത്തരത്തില്‍ പങ്കുവയ്ക്കല്‍ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചെറിയ ഗ്യാലക്സികളെ വലിച്ചെടുത്ത് രൂപമാറ്റം നടത്തുകയും വളരുകയും ചെയ്യുന്നത് വലിയ ഗ്യാലക്സികളുടെ പ്രത്യേകതയാണ്.
എന്നാല്‍ ക്ഷീര പദത്തിന്റെ കാര്യത്തില്‍ ചെറിയ ചെറിയ നക്ഷത്രക്കൂട്ടങ്ങളെ സ്വാംശീകരിച്ചു കൊണ്ടാണോ അതോ വലിയ ഒറ്റ നക്ഷത്രക്കൂട്ടത്തെ വലിച്ചെടുത്താണോ അത് ഇന്ന് കാണുന്ന നിലയിലെത്തിയതെന്ന് വാദങ്ങള്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു.
യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ 2013ലെ ഗെയ്യ മിഷന് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിഗമനത്തില്‍ ശാസ്ത്രലോകം എത്തിയിരിക്കുന്നത്. 1.7 മില്യണ്‍ നക്ഷത്രങ്ങളുടെ 3ഡി മാപ്പിംഗാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ആകെ നക്ഷത്രങ്ങളുടെ ഒരു ശതമാനത്തോളം വരും ഇത്.
ഹാലോയിലെ മിക്ക നക്ഷത്രങ്ങളും ഒരേ കുടുംബത്തില്‍ ഉള്‍പ്പെട്ടതാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇവയുടെ ഉല്‍പ്പത്തി ഒരിടത്തു നിന്നും തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തല്‍. പ്രകാശ സ്പെക്ട്രത്തിന്റെ അടിസ്ഥാനത്തില്‍ ഇവയുടെ ചലന ദിശ കണ്ടെത്താനും ശാസ്ത്രലോകത്തിന് സാധിച്ചിട്ടുണ്ട്.
10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ക്ഷീരപദത്തിന്റെ ഹാലോ രൂപീകരണത്തിന് കാരണമായ സംയോജനം നടന്നത്. ബിഗ് ബാംഗ് നടന്നു എന്ന കരുതപ്പെടുന്നതിന്റെ 3.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഇത്.