അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രഖ്യാപിച്ചു. ആഴ്ച്ചകള്‍ക്ക് മുമ്പാണ് 2028ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് നാസ അറിയിച്ചത്. നാസയുടെ ഈ കണക്കുകൂട്ടലില്‍ നിന്നും നാല് വര്‍ഷം ഒറ്റയടിക്ക് കുറക്കുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്. നാസയുടെ ഈ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാക്കും എന്നതാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രഖ്യാപനം സൂചിപ്പിക്കുന്നത്.
മൈക്ക് പെന്‍സിന്റെ ഈ സുപ്രധാന പ്രഖ്യാപനം അലബാമയിലെ നാഷണല്‍ സ്പേസ് കൗണ്‍സിലിന്റെ അഞ്ചാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു. 2024ല്‍ ചന്ദ്രനിലെ ദക്ഷിണാര്‍ധഗോളത്തില്‍ മനുഷ്യനെ ഇറക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നുവെന്നായിരുന്നു പെന്‍സ് വ്യക്തമാക്കിയത്.
നാസയുടെ ചാന്ദ്ര ദൗത്യ പദ്ധതികള്‍ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റിനെയും ഒറിയോണ്‍ ബഹിരാകാശ ക്യാപ്സ്യൂളിനേയും അടിസ്ഥാനമാക്കിയുള്ളതാണ്. പലപ്പോഴും നിശ്ചയിച്ച സമയത്ത് എസ്എല്‍എസ് റോക്കറ്റിന്റെ നിര്‍മ്മാണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നാസക്ക് കഴിയാതിരുന്നത് പദ്ധതി വീണ്ടും വൈകിപ്പിച്ചു. അടുത്തിടെയാണ് ചന്ദ്രനിലേക്കുളള ആളില്ലാ ദൗത്യത്തിനായി ഇപ്പോഴും എസ്എല്‍എസ് റോക്കറ്റ് പ്രാപ്തമായിട്ടില്ലെന്ന് നാസ ഏറ്റുപറഞ്ഞത്.
ഇത്തരത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിടെയാണ് ചാന്ദ്ര ദൗത്യം എത്രയും പെട്ടെന്ന് നടക്കണമെന്ന് ട്രംപ് ഭരണകൂടം നിലപാടെടുത്തിരിക്കുന്നത്. ഇതിലൂടെ ഇരുപതാം നൂറ്റാണ്ടില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കി അമേരിക്ക നേടിയ മേല്‍ക്കൈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിച്ച് അമേരിക്ക തുടരണമെന്ന് മൈക്ക് പെന്‍സ് പറഞ്ഞു.
എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചാന്ദ്ര ദൗത്യത്തിന്റെ വേഗം കൂട്ടാനുള്ള ഒരു മാര്‍ഗ്ഗം എസ്എല്‍എസ് റോക്കറ്റിന് പകരം മറ്റേതെങ്കിലും റോക്കറ്റ് ഉപയോഗിക്കുക സാധ്യമാണോയെന്നതാണ്. ഇതിനായി എന്തെങ്കിലും സാധ്യതയെങ്കിലുമുള്ള റോക്കറ്റുകള്‍ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഹെവിയും യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ ഡെല്‍റ്റ ഫോറുമാണ്.