വാഷിങ്ടണ്‍: ചൊവ്വ ഗ്രഹം വാസയോഗ്യമാണോ എന്നറിയുന്നതിനായി നാസ ക്യൂരിയോസിറ്റി റോവര്‍ അയച്ചിട്ട് ഇന്നേക്ക് ആറാണ്ട് തികയുന്നു. മാര്‍സ് ക്യൂരിയോസിറ്റിയുടെ ആറാം വാര്‍ഷികം ട്വിറ്ററില്‍ പങ്കു വെച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്.
”ഒരു നാള് ഞങ്ങള്‍ അവിടെയെത്തും. നിനക്ക് മികച്ച ഒരു പിറന്നാള്‍ ആഘോഷമൊരുക്കും..” ക്യൂരിയോസിറ്റി റോവറിനോട് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ആശ്വാസ വാക്കുകളാണിത്. നാസ ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലേക്ക് അയച്ചതിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ക്യൂരിയോസിറ്റി റോവറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിനുള്ള മറുപടിയായിരുന്നു സൈമണ്‍ എസ് എന്നയാളുടെ വാക്കുകള്‍.
”ഒരു നാള് ഞങ്ങള്‍ ആ പൊടി നിറഞ്ഞ ഗ്രഹത്തിലിറങ്ങും. നിനക്ക് മനോഹരമായൊരു ആലിംഗനം നല്‍കും. പിന്നെ നിനക്ക് മികച്ച ഒരു പിറന്നാള്‍ ആഘോഷമൊരുക്കും. പിന്നീട് നീ വിരമിക്കുമ്പോള്‍ ഞങ്ങള്‍ ഒരു മ്യൂസിയത്തിലാക്കും. മാനവരാശി നില നില്ക്കുന്നിടത്തോളം കാലം നീ പ്രകീര്‍ത്തിക്കപ്പെടും” എന്നായിരുന്നു സൈമണ്‍ കുറിച്ചത്. മാര്‍സിന്റെ കാമറയില്‍ ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടുള്ള ബോര്‍ഡ് പതിയുന്നതായുള്ള കാര്‍ട്ടൂണും ഒരാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
”ആറു വര്‍ഷം മുമ്പ് ഞാന്‍ ചൊവ്വയില്‍ സ്പര്‍ശിച്ചു. എന്റെ ചൊവ്വ ഇറക്കത്തിന്റെ ആറാം വാര്‍ഷികം പരമ്പരാഗത ഉപഹാരമായ അയണ്‍ ഓക്സൈഡുമായി ആഘോഷിക്കുകയാണ്.” എന്നായിരുന്നു ക്യൂരിയോസിറ്റി റോവറിന്റെ ട്വീറ്റ്. ഈ ട്വീറ്റിനോട് സന്തോഷവും ‘ഒറ്റക്കായ’ ക്യൂരിയോസിറ്റി റോവറിനോടുള്ള സഹതാപവും പലരും പങ്കുവെച്ചു. ജന്മദിനാശംസകള് നേര്‍ന്നും ഏറെ പേര് ട്വീറ്റ് ചെയ്തിട്ടുണ്ട്.