യുകെയിലെ വേയ്ല്സിന്റെ തീരത്ത് വിചിത്ര രൂപമുള്ള ഏയ്ഞ്ചല്‍ ഷാര്‍ക്കിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍. അത്യപൂര്‍വയിനം സ്രാവുകളിലൊന്നാണ് ഏയ്ഞ്ചല്‍ ഷാര്‍ക്ക്. ഹോളിഹെഡിന്റെ വടക്കുഭാഗത്ത് ബ്രിസ്റ്റന്‍ ചാനലിലുള്ള കാര്ഡിഗന് തീരത്ത് അപൂര്‍വ്വ ജീവിയെ കണ്ടുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.
ഇതുവരെ കരുതിയിരുന്നത് ഏയ്ഞ്ചല്‍ ഷാര്‍ക്കുകള്‍ കാനരി ദ്വീപുകളുടെ തീരത്ത് മാത്രമാണുള്ളതെന്നാണ്. ഇവ വെയ്ല്‍സിന്റെ തീരത്തെത്തിയത് പുതിയ ആവാസ മേഖലയിലേക്ക് മാറുന്നതിന്റെ ഭാഗമായാവാം എന്നാണ് വിദഗ്ദാഭിപ്രായം.
സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഡോ. ജൊആന്ന ബാര്‍ക്കര്‍ ഏയ്ഞ്ചല്‍ ഷാര്‍ക്കുകളെ നമുക്ക് നഷ്ടപ്പെട്ടാല്‍ മറ്റൊരു സ്രാവ് വര്‍ഗത്തില്‍ നിന്നും ലഭിക്കാത്ത പരിണാമ ചരിത്രത്തിന്റെ സുപ്രധാന തലമുറയെയാണ് നഷ്ടപ്പെടുകയെന്ന് പറഞ്ഞു.
ഇപ്പോള്‍ വേയ്ല്‍സ് തീരത്തെ ഏയ്ഞ്ചല്‍ ഷാര്‍ക്കുകള്‍ എണ്ണം കണക്കാക്കുന്നതിനും അവയുടെ ആവാസമേഖലകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഗവേഷകര്‍. ഇതിനായി അവര്‍ വേയ്ല്സിന്റെ തീരമേഖല നിരീക്ഷിച്ചു വരികയാണ്.
തങ്ങള്‍ അവ എത്രയെണ്ണം ഉണ്ടെന്ന് മനസിലാക്കാനാണ് ശ്രമിക്കുന്നതെന്നും അവയുടെ പ്രധാനപ്പെട്ട ആവാസമേഖലയേതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കാരണം ഏയ്ഞ്ചല്‍ ഷാര്‍ക്കുകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടയിടങ്ങളാവാം അവിടമെന്നും ബാര്‍ക്കര്‍ പറഞ്ഞു.