ഈ ജനുവരിയില്‍ സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം വീണ്ടും കാണാം. ഇത്തവണത്തെ സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം ജനുവരി 20,21 തീയ്യതികളിലാണ്. സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം എന്നാല്‍ ചന്ദ്രനെ ചുവന്ന നിറത്തില്‍ കാണുന്നതും പൂര്‍ണരൂപത്തില്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി കാണുന്നതുമായ ചന്ദ്രഗ്രഹണമാണ്. എന്നാല്‍ ഈ വര്‍ഷം കഴിഞ്ഞാല്‍ 2021 മേയ് 26 വരെ ഇതിനായി കാത്തിരിക്കേണ്ടി വരും.
സൂപ്പര്‍ ബ്ലഡ് മൂണ്‍ ഉണ്ടാവുന്നത് പൂര്‍ണ ചന്ദ്ര ഗ്രഹണത്തിനിടെ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും സൂര്യപ്രകാശം ചന്ദ്രനില്‍ നേരിട്ട് പതിക്കുന്നത് തടസപ്പെടുത്തുകയും ചെയ്യുമ്പോഴാണ്. ഈ അവസരത്തില്‍ ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുമ്പോള്‍ ചന്ദ്രന് ചുവന്ന നിറത്തില്‍ ദൃശ്യമാവുന്നു. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയിലാണ് വരിക. പൂര്ണചന്ദ്രന് ഉള്ളപ്പോള്‍ മാത്രമേ ചന്ദ്രഗ്രഹണവും സംഭവിക്കൂ.
സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത് ചന്ദ്രന് ഭൂമിയ്ക്ക് അടുത്തുവരികയും കൂടുതല്‍ വലിപ്പത്തിലും പ്രകാശത്തിലും ദൃശ്യമാവുന്നതിനെയാണ്. ശൈത്യകാലത്ത് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്രനെ വോള്‍ഫ് മൂണ്‍ എന്നാണ് അമേരിക്കക്കാര്‍ വിളിക്കാറ്. ഈ വര്‍ഷം നടക്കാന്‍ പോകുന്നത് ഈ രണ്ട് പ്രതിഭാസങ്ങളുടേയും സംയോജനമാണ്.
ജനുവരി 20-ന് ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. ജനുവരി 21 രാവിലെ 10.11 വരെ ഇത് നീണ്ടുനില്‍ക്കും. എന്നാല്‍ 62 മണിക്കൂര്‍ നേരം നീണ്ടു നില്ക്കുന്ന ഈ പ്രതിഭാസം ഇന്ത്യയില്‍ ദൃശ്യമാവില്ല. ഭൂരിഭാഗം ഏഷ്യന്‍ രാജ്യങ്ങളിലും ഈ കാഴ്ചകാണാനാവില്ല. കിഴക്കന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗികമായി ഗ്രഹണം കാണാനാവൂ. അതേസമയം അമേരിക്ക, ഗ്രീന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, പശ്ചിമ യൂറോപ്പ്, പശ്ചിമ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് പൂര്‍ണമായും കാണാന്‍ കഴിയും.