സൗരയൂഥത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അകലെയുള്ള വസ്തുവിനരികില് നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകം എത്തിയതായി ഗവേഷകര്‍. ന്യൂ ഹൊറൈസണ്‍സ് നാസയിലേക്ക് ഏറ്റവും ഒടുവില്‍ ചിത്രങ്ങള്‍ അയക്കും മുമ്പ് ‘അള്‍ടിമ ത്യൂളി’ എന്ന കുള്ളന്‍ ഗ്രഹത്തിന് 2200 മൈല്‍ അകലെ വരെ എത്തിയിട്ടുണ്ട്. അള്‍ടിമ ത്യൂളി സൗരയൂഥത്തില്‍ മനുഷ്യന് കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ദൂരം സ്ഥിതി ചെയ്യുന്ന വസ്തുവാണ്. ന്യൂ ഹോറൈസണ്‍സ് അള്ടിമയ്ക്കരികിലെത്തിയത് പുതുവര്‍ഷ ദിനത്തില്‍ ഏകദേശം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ്.
അള്‍ടിമ ത്യൂളി എന്ന കുള്ളന്‍ ഗ്രഹത്തെ കണക്കാക്കുന്നത് സൗരയൂഥത്തിന്റെ അറ്റമായാണ്. ഇത് സ്ഥിതിചെയ്യുന്നത് പ്ലൂട്ടോയില്‍ നിന്നും നൂറ് കോടി മൈല്‍ അകലെ കുയ്പെര്‍ ബെല്‍റ്റ് എന്നറിയപ്പെടുന്ന ഭാഗത്താണ്. രണ്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള സന്ദേശമാണ് ന്യൂ ഹൊറൈസണ്‍സില്‍ നിന്നും ലഭിച്ചത്. പദ്ധതി മേധാവി ആലിസ് ബോമാന്‍ പേടകത്തിന് തകരാറുകളൊന്നുമില്ലെന്ന് വ്യക്തമാക്കി.
2014 എംയു69 എന്ന് ഔദ്യോഗികനാമം നല്‍കിയുള്ള അള്‍ടിമ ത്യൂളിന് 20 മൈല്‍ വലിപ്പമാണുള്ളതെന്നും ചുവന്ന നിറമാണുള്ളതെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സൂര്യപ്രകാശത്തിന്റെ പ്രതിഫലനത്തിന്റെ അടിസ്ഥാനത്തില്‍ അതിന് അപൂര്‍വ രൂപമാണുള്ളതെന്നും ഗവേഷകര്‍ കരുതുന്നു. ഈ പേടകത്തില്‍ നിന്നും ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ആറ് മണിക്കൂറെടുക്കും. മുഴുവന്‍ വിവരങ്ങളും ഭൂമിയിലേക്ക് അയക്കുമ്പോഴേക്കും രണ്ട് വര്‍ഷങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
അള്ടിമയുടെ ആയിരക്കണക്കിന് ചിത്രങ്ങള്‍ ന്യൂ ഹൊറൈസണ്‍സ് പകര്‍ത്തും. അള്‍ടിമ തൂളിന്റെ രൂപം, എന്തുകൊണ്ട് നിര്‍മിതമാണ്, താപനില, ഇതിന് ഏതെങ്കിലും ഉപഗ്രഹങ്ങളുണ്ടോ എന്നിവ ഉള്‍പ്പടെയുള്ള വിശദവിവരങ്ങള്‍ അറിയാന്‍ ന്യൂ ഹൊറൈസണ്‍ പദ്ധതിയിലൂടെ സാധിക്കും.
2006 ജനുവരി 19ന് പ്ലൂട്ടോ പര്യവേക്ഷണം ലക്ഷ്യമിട്ട് വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ന്യൂ ഹൊറൈസണ്‍സ്. ഏറ്റവും നീണ്ട യാത്രാ കാലയളവുള്ള ബഹിരാകാശ പേടകമാണിത്. 2015 ജൂലായില്‍ ഇത് പ്ലൂട്ടോയ്ക്ക് സമീപമെത്തിയിരുന്നു. കുയ്പെര്‍ ബെല്‍റ്റില്‍ പെടുന്ന മറ്റ് വസ്തുക്കളെ പഠിക്കുന്നതിന്റെ ഭാഗമായാണ് ന്യൂ ഹൊറൈസണ്‍സ് ഇപ്പോള്‍ അള്‍ടിമ ത്യൂളിന് അരികിലെത്തിയിരിക്കുന്നത്.