മാര്‍സ് വണ്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട നൂറ് സെമിഫൈനലിസ്റ്റുകളില്‍ ദമ്പതികളും. ബോസ്റ്റണില്‍ നിന്നുള്ള യാരിയും ഡാനിയല്‍ ഗോള്‍ഡണ്‍ കസ്റ്റാനോയും പരിചയപ്പെടുന്നത് ചൊവ്വയിലേക്ക് പോകാന്‍ താത്പര്യമുള്ളവരുടെ ഒരു ഫെയ്സ്ബുക് കൂട്ടായ്മയില്‍ വെച്ചാണ്. ഇവരുടെ ജീവിതത്തില്‍ ചൊവ്വയെന്ന ഗ്രഹത്തിന് വലിയ പങ്കുണ്ട്.ചൊവ്വയിലെ ആദ്യ മനുഷ്യ കോളനിയുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് ഭൂമിയും ചൊവ്വയും പരമാവധി അടുത്തെത്തുന്ന ദിവസത്തില്‍ വിവാഹിതരായ ഇവര്‍.
ചൊവ്വയില്‍ ആദ്യ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള സ്വപ്ന പദ്ധതിയുടെ ഭാഗമാകാനായി മുന്നോട്ടുവന്നത് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും 4200 പേരാണ്. അവസാനഘട്ടത്തില്‍ പരിശീലനം നല്‍കുന്നത് ഇതില്‍ നിന്നും തെരഞ്ഞെടുത്ത നൂറുപേരില്‍ നിന്നും 24 പേര്‍ക്കാണ്. ഡച്ച് സ്ഥാപനമായ മാര്‍സ് വണിന്റെ ലക്ഷ്യം 2032ല്‍ ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുക എന്നതാണ്.
ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അതികഠിനമായ പരിശീലനത്തിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. ഇതിനായി കൂട്ടായി പ്രതിസന്ധികളെ തരണം ചെയ്യാനും സ്വന്തമായി ഭക്ഷണം കണ്ടെത്താനും സാങ്കേതിക വിദ്യകളെ എളുപ്പത്തല്‍ മനസ്സിലാക്കാനുമൊക്കെയുള്ള കഴിവുകള്‍ പരീക്ഷിക്കപ്പെടും. ഇതില്‍ പങ്കെടുക്കുന്ന ആര്‍ക്കും ഭൂമിയിലേക്ക് മടക്ക ടിക്കറ്റ് നല്‍കില്ലെന്നതാണ് മാര്‍സ് വണ്ണിന്റെ ചൊവ്വാ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് ചൊവ്വയിലേക്ക് പോകുന്ന ഇവരുടെ യാത്ര ആത്മഹത്യാപരമാണെന്ന വിമര്‍ശനങ്ങള്‍ പലകോണില്‍ നിന്നും ഉയരുന്നുണ്ട്.
സെമി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നൂറുപേര് പതിനെട്ട് വയസ്സിനു മുകളില്‍ വിവിധ പ്രായക്കാരാണ്. തെരഞ്ഞെടുപ്പ് ചെറു വിഡിയോക്കൊപ്പം ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു. ഇവരുടെ ചൊവ്വാ ദൗത്യത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല.