ഓര്‍ബിറ്റല്‍ സയന്‍സസ് കോര്പ്പറേഷന് വികസിപ്പിച്ച അന്റാറസ് റോക്കറ്റ് വിക്ഷേപണ സംവിധാനമുപയോഗിച്ച് എസ്എസ് ജോണ്‍ യങ് എന്ന് പേരിട്ട സൈഗ്നസ് ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അവശ്യസാധന സാമഗ്രികളുമായാണ് റോക്കറ്റ് വിക്ഷേപിച്ചിരിക്കുന്നത്. ശാസ്ത്രീയ ഉപകരണങ്ങള്‍, ഭക്ഷണം തുടങ്ങിയവ ഉള്‍പ്പടെയുള്ള വസ്തുക്കളാണ് പേടകത്തിലുള്ളത്. ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഗവേഷകര്‍ക്കായി പഴങ്ങളും ഐസ്ക്രീമും കൂടാതെ ബഹിരാകാശ നടത്തത്തിനുള്ള ഉപകരണങ്ങളും കംപ്യൂട്ടര്‍ സാമഗ്രികളും ഇതിലുണ്ട്.
റോക്കറ്റ് വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് ദിവസം വൈകിപ്പിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ നവംബര്‍ 17ന് തന്നെ ആകാശം തെളിഞ്ഞതിനാല്‍ റോക്കറ്റ് വിക്ഷേപിക്കാന്‍ സാധിച്ചു. ഒരാഴ്ചയോളം ബഹിരാകാശത്ത് സഞ്ചരിച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ 5.20 നാണ് പേടകം ബഹിരാകാശ നിലയത്തിലെത്തുക. പേടകം ബഹിരാകാശ നിലയത്തിലെത്തുന്നതോടെ ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ നിയന്ത്രിക്കുന്ന റോബോട്ട് കൈ ഉപയോഗിച്ച് പേടകത്തെ പിടിക്കുകയും അതിനെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുകയും ചെയ്യും.
ഇപ്പോള്‍ ബഹിരാകാശ നിലയത്തില്‍ മൂന്ന് ഗവേഷകര്‍ മാത്രമാണുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ സമയത്ത് അഞ്ച് പേര് ഉണ്ടാകേണ്ടതായിരുന്നു. എ്നനാല് ഒക്ടോബറില്‍ സോയൂസ് ബഹിരാകാശ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട ഗവേഷകര്‍ക്ക് സാങ്കേതിക തകരാര്‍ മൂലം അടിയന്തിരമായി തിരിച്ചിറങ്ങേണ്ടിവരികയും വിക്ഷേപണം പരാജയപ്പെടുകയും ചെയ്തു. ഇതോടെ ബഹിരാകാശ നിലയത്തിലെത്തേണ്ടിയിരുന്ന രണ്ട് പേര്‍ക്ക് അതിന് സാധിച്ചില്ല.