ലണ്ടന്‍: അന്തരിച്ച ബ്രീട്ടീഷ് ശാസ്ത്രഞ്ജനായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വീല്‍ചെയറും പ്രബന്ധവും ലേലത്തില്‍ വിറ്റു. വ്യാഴാഴ്ച നടന്ന ലേലത്തില്‍ ഹോക്കിങ്ങിന്റെ വീല്‍ചെയര്‍ 300,000 പൗണ്ടിനാണ് (391,740 ഡോളര്‍) വിറ്റത്. ഹോക്കിങ്ങിന്റെ പ്രബന്ധമായ പ്രപഞ്ചത്തിന്റെ ഉത്ഭവും ലേലത്തില്‍ വിറ്റു. ലേലത്തിലൂടെ സമാഹരിച്ച തുക ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.
കഴിഞ്ഞ മാര്‍ച്ചിലാണ് 76 കാരനായ ഹോക്കിങ് മരിക്കുന്നത്. മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെത്തുടര്‍ന്ന് സ്റ്റീഫണ്‍ ഹോക്കിങ് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വീല്‍ചെയറിലാണ് ചിലവഴിച്ചത്. പ്രപഞ്ചത്തിന്റെ ഉത്ഭവം എന്ന അദ്ദേഹത്തിന്റെ പ്രബന്ധം പ്രശസ്തമാണ്.
ഹോക്കിങ്ങിന് ലഭിച്ച മെഡലുകള്‍, അവാര്‍ഡുകള്‍, ലേഖനങ്ങള്‍, ഹോക്കിങ്ങിന്റെ വിരലടയാളം പതിപ്പിച്ച സമയത്തിന്റെ ലഘു ചരിത്രം എന്ന പുസ്തകം എന്നിവ ഓണ്‍ലൈനായി വിറ്റഴിച്ചിരുന്നു. ഐസക് ന്യൂട്ടന്, ചാള്‍സ് ഡാര്വിന്, ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്നിവരുടെ ലേഖനങ്ങളും, കൈയ്യഴുത്ത് പ്രതികളും വ്യാഴാഴ്ച ഓണ്‍ലൈനായി വിറ്റഴിച്ചിരുന്നു. ഹോക്കിങ്ങിന്റെ വികസിക്കുന്ന പ്രപഞ്ചങ്ങളുടെ സവിശേഷതകള്‍ എന്ന 117 താളുകളുള്ള പ്രബന്ധം 584,750 പൗണ്ടിനാണ് വിറ്റുപോയത്.
മെഡലുകളും അവാര്‍ഡുകളും 15,000 പൗണ്ടിന് വിറ്റുപോകുമെന്നാണ് പ്രതീക്ഷിച്ചത്, എന്നാല്‍ 296,750 പൗണ്ടിനാണ് വിറ്റുപോയത്. ഓണ്‍ ദി ഷോള്‍ഡര്‍ ഓഫ് ജയന്റ്സ് എന്ന പേരിലാണ് ഓണ്‍ലൈന്‍ ലേലം നടന്നത്. ലേലത്തില്‍ സമാഹരിക്കുന്ന തുക സ്റ്റീഫന്‍ ഹോക്കിങ് ഫൗണ്ടേഷനും മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് അസോസിയേഷനും കൈമാറും.
സ്റ്റീഫന്‍ ഹോകിങ്ങിന്റെ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ ഇലക്ട്രോണിക് വോയ്സ് സിന്തസൈസര്‍ വാങ്ങാനും അധികം വൈകാതെ അവസരം ഒരുക്കുമെന്ന് ലേലം അധികൃതര്‍ പറഞ്ഞു.