ടോക്കിയോ:ചരിത്രത്തില്‍ ഇടംനേടി ജപ്പാന്റെ രണ്ട് റോബട്ട് റോവറുകള്‍ ഛിന്നഗ്രഹത്തിലിറങ്ങി. ചിന്നഗ്രഹത്തിന്റെ പ്രതലത്തില്‍ ഇറങ്ങിയ രണ്ടു റോബട്ടറുകളും പ്രവര്‍ത്തനസജ്ജമാണെന്നും ചിത്രങ്ങളും വിവരങ്ങളും വൈകാതെ തന്നെ അയയ്ക്കുമെന്നും ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി (ജക്സ) അറിയിച്ചു. ഹയാബുസ-2 എന്ന പേടകത്തില്‍ നിന്ന് ശനിയാഴ്ച വേര്‍പെട്ട റോവറുകള്‍ ഇന്നലെയാണ് ഛിന്നഗ്രഹമായ റ്യൂഗുവില് ലാന്‍ഡ് ചെയ്തത്.
രണ്ട് റോവറുകളെയും ചേര്‍ത്ത് മിനെര്‍വ-II1 എന്നാണ് വിളിക്കുക. ലോകത്തിലെ ആദ്യ മൊബൈല്‍ എക്സ്പ്ലൊറേഷന്‍ റോബട്ട് ആണ് മിനെര്‍വ-II1 എന്നും ജക്സ അവകാശപ്പെട്ടു. ബഹിരാകാശ പഠനങ്ങള്‍ക്ക് പുതിയ സാധ്യതയാണ് മിനെര്‍വ-II1ന്റെ വിജയത്തോടെ സാധ്യമായിരിക്കുന്നതെന്ന് ജക്സ വക്താവ് തകാഷി കുബോത പറഞ്ഞു.
ഒരു കിലോമീറ്റര്‍ വീതിയുള്ള, വജ്രത്തിന്റെ ആകൃതിയിലുള്ള ഛിന്നഗ്രഹമായ റ്യൂഗുവിന് 20 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ വ്യാഴാഴ്ചയാണ് ഹയാബുസ-2 എത്തിയത്. റ്യൂഗുവിലേക്ക് അയച്ച റോവറുകളില്‍ നാലും മൂന്നും വീതം പ്രത്യേകം ഡിസൈന്‍ ചെയ്ത കാമറകളുമുണ്ട്.
ഛിന്നഗ്രഹത്തിന്റെ പ്രതലത്തിന്റെ മികച്ച ചിത്രങ്ങളെടുക്കാന്‍ ഈ കാമറകള്‍ സഹായിക്കും. ഒക്ടോബറില്‍ ഒരു റോവര്കൂടി ഹയാബുസയില്നിന്ന് ഛിന്നഗ്രഹത്തിലേക്ക് അയയ്ക്കും. മസ്കറ്റ് എന്നാണ് ഇതിന്റെ പേര്.
സൗരയൂഥത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിവരങ്ങള്‍ ഛിന്നഗ്രഹങ്ങളില്നിന്നു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ മിനെര്‍വ-II1യിലെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് വഹിരാകാശ ഗവേഷക ലോകം.