ദോഹ: ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം കൂടി ഏകീകൃത ടിക്കറ്റ് സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങി ഖത്തര്‍. പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്, റെയില്‍, സമുദ്ര ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം കൂടി ഏകീകൃത ടിക്കറ്റ് സംവിധാനം ഒരുക്കുന്നത്.
സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍വഹിക്കുന്ന പദ്ധതി ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം സമഗ്രമായി സംയോജിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും അതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥക്ക് കൂടുതല്‍ സംഭാവന ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം സയീഫ് അല്‍ സുലൈത്തി പറഞ്ഞു.
ഖത്തര്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം സിങ്കപ്പൂരിലെ എംഎസ്ഐ ഗ്ലോബല്‍, ഗള്‍ഫ് ബിസിനസ് മെഷീന്‍സ് ഖത്തര്‍ (ജിബിഎം) എന്നിവയുമായി ഇതു സംബന്ധിച്ച പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ കര്‍വ ടാക്സികള്‍, ബസുകള്‍, ദോഹ മെട്രോ എന്നിവയിലേക്കുള്ള ടിക്കറ്റുകളെല്ലാം സ്മാര്‍ട്ട് ഫോണുകളിലൂടെയും ആപ്പിള്‍ വാച്ചിലൂടെയും എടുക്കാന്‍ സാധിക്കും.