അബുദാബി: ജനമനസുകള്‍ കീഴടക്കി മുന്നേറുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് യുഎഇയും. വന്‍ ആര്‍പ്പു വിളികളോടെയും ആരവങ്ങളോടെയുമാണ് വേദിയിലെത്തിയ മുഖ്യമന്ത്രിയെ സദസ് സ്വീകരിച്ചത്. കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല പിണറായിയോടുള്ള പ്രിയം എന്ന് തെളിയിച്ചിരിക്കുകയാണ് പ്രവാസ ലോകവും. മുഖ്യമന്ത്രിയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ധീരാ ധീരാ നേതാവേ, ധീരതയോടെ നയിച്ചോളൂ…ലക്ഷം ലക്ഷം പിന്നാലേ.. എന്ന മുദ്രാവാക്യമാണ് വേദിയിലെങ്ങും അലയടിച്ചത്. രാത്രിനേരത്ത് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും ഇന്‍ക്വിലാബ് വിളിച്ചും നടന്നു നീങ്ങുന്ന ഒരു പറ്റം മലയാളി യുവാക്കള്‍ തങ്ങളുടെ ഭരണാധികാരിയോടുള്ള എല്ലാ സ്നേഹവും പ്രകടിപ്പിക്കുന്നു. ബുധനാഴ്ച യുഎഇയിലെത്തിയ പിണറായിയെ കാണാന്‍ അദ്ദേഹം ചെല്ലുന്നിടത്തെല്ലാം വന്‍ മലയാളിക്കൂട്ടമാണ് തടിച്ചുകൂടുന്നത്. പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച ധീരമായ നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് മുഖ്യമന്ത്രിയുടെ ജനപ്രീതി വര്‍ധിപ്പിച്ചത്.
ഇന്നലെ തലസ്ഥാന നഗരിയില്‍ ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി വൈകിട്ടോടെ ദുബായിയിലെത്തി. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് അദ്ദേഹത്തിന് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച എയര്‍പ്പോര്‍ട്ട് റോഡിലെ ലെ മെറീഡിയന് ഹോട്ടലില്‍ അദ്ദേഹം ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകിട്ട് അല്‍നാസര്‍ ലിഷര്‍ലാന്‍ഡില്‍ കേരളീയരെ അഭിസംബോധന ചെയ്യും. നാളെ ഷാര്‍ജയിലെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. അല്‍നാസര്‍ ലിഷര്ലാന്ഡിലും ഷാര്‍ജയിലും ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.