ഇസാതാംബുള്: മാധ്യപ്രവര്‍ത്തന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയുടെ കറുത്ത കൈകള്‍. ജമാല്‍ ഖഷോഗിയെ വധിക്കാനായി 15 അംഗ പ്രത്യേക സംഘത്തെ സൗദി നിയോഗിച്ചതായി ആരോപണമുയര്‍ന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെ തുടര്‍ന്നായിരുന്നു കൊലപാതകം. ന്യൂയോര്‍ക്ക് ടൈംസ് ആണ് സംഭവം വ്യക്തമാക്കുന്ന വാര്‍ത്ത പുറത്തു വിട്ടത്.
ഇയാളെ സംഭവദിവസം പ്രത്യേക വിമാനത്തില്‍ ഇസ്താംബുളിലെത്തിച്ചു. ഖഷോഗി സൗദി കോണ്‍സുലേറ്റില്‍ എത്തുമ്പോള്‍ കൊലയാളി സംഘം ഇതിനകത്തുണ്ടായിരുന്നു എന്നാണ് വിവരം. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും അടക്കം കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് സൂചന. ഖഷോഗിയെ വധിച്ച ശേഷം എല്ലാ തെളിവുകളും നശിപ്പിക്കാനായിരുന്നു ഇത്.
രണ്ട് മണിക്കൂറിനകം കൃത്യം നടപ്പാക്കി ഇവര്‍ വിവിധ രാജ്യങ്ങളിലേക്ക് ഒളിവില്‍പ്പോയെന്നും പറയുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത തുര്‍ക്കി അധികൃതര്‍ നല്കിയ വിവരങ്ങളാണിത്. ആരോപണങ്ങള്‍ കനത്തതോടെ സൗദി പ്രതിസന്ധിയിലായി. ഖഷോഗി കോണ്‍സുലേറ്റിലേക്ക് കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളും ഇസ്താംബുളിലിറങ്ങിയ സൗദിയുടെ പ്രത്യേക വിമാനത്തിന്റെ ദൃശ്യങ്ങളും തുര്‍ക്കി ചാനലുകള്‍ പുറത്തുവിട്ടു.
സൗദി രാജകുടുംബത്തിന്റെ വിമര്‍ശകനായിരുന്നു ജമാല്‍ ഖഷോഗി. ശനിയാഴ്ച കോണ്‍സുലേറ്റിലെത്തിയ ഖഷോഗി തിരിച്ചുപോയെന്നാണ് സൗദിയുടെ വാദം. ഇത് തെളിയിക്കാന്‍ തുര്‍ക്കി പ്രസിഡന്റ റസിപ് തയ്യിപ് എര്ദോഗാന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സൗദിക്ക് സാധിച്ചിട്ടില്ല. സംഭവത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഇടപെടണമെന്ന് ഖഷോഗിയുടെ പ്രതിശ്രുത വധു ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും സംയുക്തമായി അന്വേഷണം നടത്തണമെന്ന് അമേരിക്ക കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്ന തുര്‍ക്കി സംഘം ഇസ്താംബുളിലെ സൗദികോണ്‍സുലേറ്റില്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ ഉടന്‍ പുറത്തുകൊണ്ടുവരണമെന്ന് യുഎന്‍ മനുഷ്യാവകാശ കമീഷന് തുര്‍ക്കിയോടും സൗദിയോടും ആവശ്യപ്പെട്ടിരിക്കുകയാണ്.