കുറച്ചു നാളുകള്‍ക്ക് മുന്‍പ് വെഡ്ഡിങ്ങ് ഫൊട്ടോഗ്രഫിക്കായി എല്ലാവരും പോയ്ക്കൊണ്ടിരുന്നത് പ്രകൃതി രമണീയമായ സ്ഥലങ്ങളിലേക്കാണ്. എന്നാല്‍ ഇപ്പോള്‍ വെള്ളത്തിലാണ് വെഡ്ഡിങ്ങ് ഫൊട്ടോഗ്രഫി. അതും വെള്ളത്തിനടിയില്‍. വളരെ മുന്‍പേ വിദേശ രാജ്യങ്ങളില്‍ ചെയ്തു തുടങ്ങിയ അണ്ടര്‍ വാട്ടര്‍ വെഡ്ഡിങ്ങ് ഫൊട്ടോഗ്രഫി ഇപ്പോള്‍ കേരളത്തിലും ട്രന്ഡാവുകയാണ്.
എന്നാല്‍ ഈ അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രഫിക്ക് ഓക്സിജന്‍ മാസ്ക് ഒന്നും വേണ്ട. വരനും വധുവിനും നീന്താതെ സുഖമായി നില്ക്കാന് കഴിയുന്ന വെറും 5 അടിയില്‍ താഴെ മാത്രം താഴ്ചയുള്ള സ്വിമ്മിങ്ങ് പൂളുകളിലാണ് ഫോട്ടോഷൂട്ട് നടത്തുക. ഒരു മണിക്കൂര്‍ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും ശ്വാസം നിയന്ത്രിച്ചും ശരീരത്തെ ശാന്തമാക്കിയ ശേഷമേ ഫോട്ടോഷൂട്ട് ആരംഭിക്കൂ. ഒരു മണിക്കൂറോളം നീണ്ട പല ശ്രമങ്ങളിലൂടെ കൂടുതല്‍ നേരം ശ്വാസം പിടിച്ചുവയ്ക്കാന്‍ ശരീരം പര്യാപ്തമാകും. പിന്നെ ഫൊട്ടോസ് എടുത്ത് തുടങ്ങും.
ഈ അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രഫിക്കായി പ്രത്യേക ക്യാമറയൊന്നും വേണ്ട. സാധാരണ ഫൊട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്ന ഡിഎസ്എല്‍ആര്‍ ക്യാമറ തന്നെ മതി. വെള്ളത്തിനടിയില്‍ സുരക്ഷിതമായി ക്യാമറ ഉപയോഗിക്കാന്‍ വാട്ടര്‍ പ്രൂഫ് കിറ്റുകള്‍ ഉണ്ട്. ക്യാമറ ബോഡിക്കും ലെന്സിനും പ്രത്യേക കവറുകള്‍ ഉണ്ടാകും. വെള്ളം കയറുകയോ പൊട്ടുകയോ ചെയ്യാത്ത വിദേശനിര്‍മ്മിത മികച്ച കിറ്റുകള്‍ക്ക് വില ശരാശരി ഒന്നര ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ്.
കേരളത്തിലെ മിക്ക അണ്ടര്‍ വാട്ടര്‍ വെഡ്ഡിങ്ങ് ഫൊട്ടോഗ്രഫികളും പൂമല, ചെറുതുരുത്തി തുടങ്ങിയ സ്ഥലങ്ങളിലെ റിസോര്‍ട്ടുകളിലെ സ്വിമ്മിങ്ങ് പൂളുകളില്‍ നിന്നാവും. റിസോര്‍ട്ടുകളിലെ താമസവുമായി ചേര്‍ത്തുള്ള പാക്കേജുകളുമുണ്ട്. ഒരു ദിവസത്തെ ഫോട്ടോഷൂട്ട് ആണ് പലപ്പോഴും വധൂവരന്മാര്ക്കു വേണ്ടി ഒരുക്കുക. 20,000 രൂപയുടെ ബേസ് പാക്കേജ് മുതല്‍ മുകളിലേക്കാണ് ഇതിന് ഈടാക്കുന്ന പ്രതിഫലം. ഫോട്ടോഷൂട്ട് പകല്‍ അയിരിക്കുന്നതുകൊണ്ട് ഇതിന് പ്രത്യേക വെളിച്ച ക്രമീകരണമൊന്നും ആവശ്യമില്ല.