ചെന്നൈ : ഭര്‍തൃവീട്ടില്‍ ശുചിമുറിയില്ലാത്തതിനെച്ചൊല്ലി ഭര്‍ത്താവുമായി വഴക്ക് സ്ഥിരമായതോടെ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. തമിഴ്നാട്ടിലെ കൂടല്ലൂര്‍ സ്വദേശിനിയായ രമ്യ(27) ആണ് മരിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 6നായിരുന്നു രമ്യയുടെ വിവാഹം. ഭര്‍ത്താവ് കാര്‍ത്തികേയന്റെ വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ സ്വന്തം വീട്ടിലാണ് രമ്യ താമസിച്ചിരുന്നത്. ശുചിമുറിയുള്ള വീട്ടിലേക്ക് മാറുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു.
തിങ്കളാഴ്ചയാണ് രമ്യയെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമ്മ കണ്ടെത്തിയത്. ഉടന്‍ തന്നെ കടലൂര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പോണ്ടിച്ചേരിയിലെ ജിപ്മര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രമ്യയുടെ അമ്മ മഞ്ജുള നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു രമ്യ.